അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടിലെ പ്രതിനിധിയായി തുടരും: രാഹുല്‍ ഗാന്ധി

0

വയനാട്ടിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയ ആവേശോജ്വലമായ സ്വീകരണത്തോട് വൈകാരികമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട് തനിക്കുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അയോ​ഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് രാഹുൽ അയോ​ഗ്യനാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ പ്രസം​ഗിച്ചത്.

എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ല എന്ന് ബിജെപിക്ക് മനസിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താൻ അസ്വസ്ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടിന്റെ എംപി സ്ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ചൈനയ്ക്കും അദാനിക്കും വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കാൻ സർക്കാരിന് സമയമില്ല, പ്രധാനമന്ത്രി പലതരം വസ്ത്രങ്ങൾ ധരിക്കുന്നു. രാജ്യത്തിൽ വികസനമുണ്ടാക്കാൻ പ്രധാനമന്ത്രിക്കും സർക്കാരിനും കഴിയുന്നില്ല” റോഡ് ഷോക്കു ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമെന്ന് പ്രിയങ്ക ഗാന്ധി. ”രാഹുലിന് വയനാടും വയനാടിന് രാഹുലിനെയും അറിയാം. പ്രതിസന്ധി ഘട്ടത്തിലെല്ലാം വയനാട്ടുകാർ രാഹുലിനൊപ്പം നിന്നു. നിശബ്ദനാക്കാനുള്ള ശ്രമത്തിനു മുന്നിൽ രാഹുൽ ഉറച്ചു നിൽകും. അദാനിക്ക് വേണ്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നത്. ചോദ്യം ചോദിക്കുക എന്നത് പാർലമെന്‍റ് അംഗങ്ങളുടെ കടമയാണ്. എന്നാൽ ചോദ്യം ചോദിക്കുന്ന ആളിനെ ഭരണകൂടം വേട്ടയാടുകയാണ് ചെയ്യുന്നത്” ഒരു കുടുംബം പോലെ രാഹുലിനെ ചേർത്തു നിർത്തിയ വായനാട്ടുകാർക്ക് പ്രിയങ്ക ഗാന്ധി നന്ദി പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇരുവരും ഹെലികോപ്റ്റർ മാർഗമാണ് കൽപ്പറ്റയിലെത്തിയത്. എം പി സ്ഥാനം നഷ്ടമായതിനു ശേഷം ആദ്യമായാണ് രാഹുൽ തന്‍റെ മണ്ഡലമായ വയനാട്ടിൽ എത്തുന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ രാഹുലിനെ വരവേൽക്കാനായി വയനാട്ടിലെത്തിയിരുന്നു.