44 വർഷത്തെ തീവ്രവാദത്തിന് അന്ത്യം; ഉൾഫ പിരിച്ചുവിട്ടു

0

ഗോഹട്ടി: നാൽപ്പത്തിനാലു വർഷം നീണ്ട സായുധ തീവ്രവാദ പ്രവർത്തനങ്ങൾക്കൊടുവിൽ ഉൾഫ ( United Liberation Front of Asom – ULFA ) പിരിച്ചുവിട്ടു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമായി സംഘടനാ നേതാക്കൾ കഴിഞ്ഞ മാസം ഒപ്പുവച്ച ധാരണപ്രകാരമാണ് നടപടി.

ഗോഹട്ടിയിൽ നിന്ന് 55 കിലോമീറ്റർ അകലെ സിപാജറിൽ നടത്തിയ അവസാനത്ത പൊതുയോഗത്തിൽ വച്ചാണ് സംഘടന പിരിച്ചുവിടുന്നതു സംബന്ധിച്ച ഔപചാരിക പ്രഖ്യാപനമുണ്ടായത്. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലെ രക്തരൂഷിതമായ ഒരു അധ്യായത്തിനാണ് ഇതോടെ പൂർണവിരാമമായിരിക്കുന്നത്.

അസമിന് സ്വയംഭരണാവകാശം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവർത്തിച്ചിരുന്ന സംഘടനയിൽ ഒരു സമയത്ത് അയ്യായിരം അംഗങ്ങളും മൂന്ന് സായുധ ബറ്റാലിയനുകളുമുണ്ടായിരുന്നു. പിരിച്ചുവിടുന്ന സമയത്തുള്ളത് 700 അംഗങ്ങൾ മാത്രം.

അതേസമയം, സംഘടന പിരിച്ചുവിടുന്നതിനോടു യോജിക്കാത്ത വിഭാഗം ഉൾഫ-ഇൻഡിപ്പെൻഡന്‍റ് ( ULFA-I ) എന്ന പേരിൽ പ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുനൂറോളം പ്രവർത്തകർ മാത്രമാണ് ഇവർക്കൊപ്പമുള്ളത്.