കൊറോണക്കാലത്തെ അവധിക്കാലം

0

കൊറോണയെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളിയായ ഈ സാഹചര്യത്തെ നേരിടാനുള്ള കുറച്ചു നിർദ്ദേശങ്ങൾ…

(Cover image: https://unsplash.com/@taypaigey)

 1. ഇപ്പോൾ കുട്ടികൾ കാണുന്നതും കേൾക്കുന്നതും സംസാരിക്കുന്നതും കൊറോണയെപ്പറ്റിയാണ്. ഇത് അവരിൽ തീർച്ചയായും ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കും എന്നതിനാൽ ഈ വിഷയം കുട്ടികളോട് വിശദമായി സംസാരിക്കണം. എന്താണ് രോഗം, അതുണ്ടാകാനുള്ള സാധ്യത (വളരെ കുറവ്), നമ്മുടെ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് കൊറോണ ബാധ നേരിടുന്നത് എന്നതെല്ലാം വീട്ടിൽ ചർച്ച ചെയ്യണം. എന്നാൽ ഇതേപ്പറ്റി വളരെ കൂടുതലായ ഉൽക്കണ്‍ഠ കുട്ടികൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പ്രൊഫെഷണൽ സഹായം തേടാം.
 2. പരീക്ഷ നടക്കാത്തതും ട്യൂഷനും എൻട്രൻസ് ഉൾപ്പടെയുള്ള പരിശീലനങ്ങൾക്കോ പോകാൻ പറ്റാത്തതും കുട്ടികളിലും ചില മാതാപിതാക്കളിലും ഏറെ വിഷമം ഉണ്ടാക്കിയേക്കാം. മാതാപിതാക്കൾ അവരുടെ ടെൻഷൻ കുട്ടികളെ അറിയിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ സാഹചര്യം എല്ലാവർക്കും ബാധകമായതിനാൽ ത്തന്നെ എൻട്രൻസിനെ ഓർത്ത് അധികം വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു മനസ്സിലാക്കണം. ഇതിനെ ഒരു സമയനഷ്ടമായി കണക്കാക്കേണ്ടതില്ല. ഇക്കാര്യത്തിൽ അധ്യാപകർക്കും ഏറെ ചെയ്യാനുണ്ട്. പലപ്പോഴും കുട്ടികൾക്ക് മാതാപിതാക്കൾ പറയുന്നതിനേക്കാൾ വിശ്വാസം അധ്യാപകർ പറയുന്നതാണ്. അതുകൊണ്ട് തന്നെ അവധിയിൽ ഇരിക്കുന്ന കുട്ടികളെ അധ്യാപകർ ആഴ്ചയിൽ ഒരിക്കലെങ്കിലും ടെലിഫോണിൽ വിളിച്ചു സംസാരിക്കുന്നത് നല്ല കാര്യമാണ്.
 3. എൻട്രൻസ് പരീക്ഷയുള്ളവർക്ക് വീട്ടിലിരുന്നും പഠിക്കാമല്ലോ. ഓൺലൈൻ ആയി മോക് പരീക്ഷകൾ നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവയും ഉപയോഗിക്കണം. ടൈം ടേബിൾ ഉണ്ടാക്കി കൃത്യമായ സമയം ഇതിന് നീക്കിവെയ്‌ക്കുന്നത് പഠനം നഷ്ടപ്പെടാതിരിക്കാനും ടെൻഷൻ കുറക്കാനും സഹായിക്കും.
 4. ഭാവിയുടെ ലോകം ഓൺലൈനായിട്ടുള്ളപഠനത്തിന്റെയും ജോലിയുടേതുമാണ്. അത് പ്രാക്ടീസ് ചെയ്തു തുടങ്ങാനുള്ള ഒരവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്റർനെറ്റിൽ അനവധി കോഴ്‌സുകൾ, എല്ലാ പ്രായക്കാർക്കും സൗജന്യമായി ലഭ്യമാണ്. കുറച്ചു ലിങ്കുകൾ ഞാൻ കമന്റിൽ ഇടാം. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഫ്രീ ഓൺലൈൻ കോഴ്സ് എന്ന് ഗൂഗിൾ ചെയ്താൽ ഇഷ്ടം പോലെ അവസരങ്ങളുണ്ട്.
 5. അവധിക്കാലത്ത് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് നാട്ടിലും വിദേശത്തുമുള്ള കൂട്ടുകാരും കസിൻസുമായി എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യാൻ പ്ലാൻ ചെയ്യൂ. ഇത് മൊബൈൽ ഉപയോഗിച്ച് ഒരു ഡോക്യൂമെന്ററിയോ ഷോർട്ട് ഫിലിമോ ഉണ്ടാക്കുന്നതോ, ഒരു സ്റ്റാർട്ട് അപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള പ്രോജക്റ്റ് ഡിസ്കഷനോ, ഒരു മ്യൂസിക് ആൽബമോ ആകാം. എന്താണെങ്കിലും remote, online, collaborative എന്നീ മൂന്നു വാക്കുകളാണ് പ്രധാനം. ഇതാണ് ഭാവിയുടെ രീതി, ഇക്കാര്യത്തിലും അധ്യാപകർക്ക് പല സഹായവും ചെയ്യാനാകും.
 6. ഇത് അധ്യാപകരോടാണ്; സ്കൈപ്പോ വാട്ട്സാപ്പോ ഉപയോഗിച്ച് അധ്യാപകർക്കും ട്യൂഷൻ തുടരാവുന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമായതുകൊണ്ടുതന്നെ മറ്റുള്ള ഓൺലൈൻ ടീച്ചിങ് പ്ലാറ്റഫോമുകളും ഈയവസരത്തിൽ പരിചയപ്പെടാനും പ്രയോജനപ്പെടുത്താനും ശ്രമിക്കാം. ഗൂഗിൾ ക്ലാസ്സ്‌റൂം പോലുള്ള ഫ്രീ വെബ് സെർവീസുകളും പ്രയോജനപ്പെടുത്താൻ ശ്രെമിക്കുക.അധ്യാപകർക്കും അവരുടെ സ്കില്ലുകൾ ആധുനികമാക്കാൻ ഇതൊരവസരമാകട്ടെ.
 7. ഭാഷ പഠിക്കാനോ നന്നാക്കാനോ ഇതിലും നല്ല സമയമില്ല. ചുരുങ്ങിയത് ഇംഗ്ളീഷ് ഭാഷയെങ്കിലും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിനും ഓൺലൈൻ വിഭവങ്ങൾ ലഭ്യമാണ്. ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും അതിനായി ഉപയോഗിക്കുക.
 8. 8 . പുസ്തക വായന എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് അത് തിരിച്ചു പിടിക്കാൻ പറ്റിയ സമയമാണ്. ഇംഗ്ളീഷിലും മലയാളത്തിലും ഒരോ പുസ്തകമെങ്കിലും ആഴ്ചയിൽ വായിക്കാൻ ശ്രമിക്കാം. ആയിരക്കണക്കിന് പുസ്തകങ്ങൾ ഫ്രീ ആയി ഓൺലൈനിൽ ലഭ്യമാണ്. ഓരോ വീട്ടിലും വായിക്കാതെയിട്ടിരിക്കുന്ന പുസ്തകങ്ങൾ ഒരു ഡസനെങ്കിലും കാണും. നാട്ടിലെ ലൈബ്രറികളുമായി ബന്ധപ്പെടാനുള്ള അവസരമാണ്, ലൈബ്രറിക്കാർക്ക് കുട്ടികളെ അവരിലേക്ക് അടുപ്പിക്കാൻ പറ്റിയ സമയവും. വേണ്ട പുസ്തകങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാമല്ലോ.
 9. പുതിയതായി എന്തെങ്കിലും സ്‌കിൽ പഠിക്കാനുള്ള അവസരമാണ്. ഏറ്റവും എളുപ്പം വീട്ടിൽ നിന്നും തുടങ്ങാവുന്ന പാചകം തന്നെ ആകട്ടെ ആദ്യം. വീട് വൃത്തിയാക്കാനും തുണി കഴുകാനും വീട്ടുപകരണങ്ങൾ (മിക്സി തൊട്ട് വാഷിംഗ് മെഷീൻ വരെ) ശരിയായി ഉപയോഗിക്കാനും പഠിക്കാം. ഗാർഡനിങ്ങ് തൊട്ട് മരപ്പണി വരെ എന്തും പഠിക്കാനുള്ള അവസരമാണ്. ഓൺലൈൻ ആയി കാര്യങ്ങൾ പഠിച്ചു തുടങ്ങുക, ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമാകുക എന്നിങ്ങനെ പലതും ഈ വിഷയത്തിൽ ചെയ്യാനുണ്ട്. ഒരു വീട്ടിലെ മിക്ക കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള അറിവ് ഈ അവധിക്കാലത്ത് ഉണ്ടാക്കിയെടുത്താൽ ഇത് പ്രയോജനപ്രദമായ ഒരു അവധിക്കാലം ആകും. കുട്ടികൾക്കൊപ്പ്പം മാതാപിതാക്കളും കൂടി ശ്രമിച്ചാൽ നടക്കുന്ന കാര്യമേ ഉള്ളൂ.
 10. നമ്മുടെ ലോകത്തിന്റെ ഭാവി കൂടുതൽ അറിയാനുള്ള ഒരവസരമാണ്. ആഗോളവൽക്കരണം എങ്ങനെയാണ് ലോകത്തെ മാറ്റിയിരിക്കുന്നത്, നിർമ്മിത ബുദ്ധി എങ്ങനെയാണ് ലോകത്തെ മാറ്റാൻ പോകുന്നത്, കാലാവസ്ഥ വ്യതിയാനം എന്ത് രീതിയിലാണ് ലോകത്തെയും നമ്മളേയും ബാധിക്കാൻ പോകുന്നത്, ഇതൊക്കെ അറിയാൻ പറ്റിയ സമയമാണ്. ഓൺലൈനിൽ Ted Talk ൽ നിന്നും തുടങ്ങി പുസ്തകങ്ങൾ വായിച്ച് കൂടുതൽ താല്പര്യമുണ്ടെങ്കിൽ ഓൺലൈൻ കോഴ്‌സുകളും ചെയ്യാം.
 11. എന്തായിരിക്കണം നിങ്ങളുടെ ഭാവി എന്ന് ചിന്തിക്കാൻ പറ്റിയ സമയമാണ്. മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം കിട്ടുന്നതിനാൽ അവരുമായി സംസാരിക്കുക. വിവിധ കരിയറുകളെപ്പറ്റിയും സാധ്യതകളെ കുറിച്ചും അറിവ് നേടുക. അവധിക്കാലം കഴിയുന്പോഴേക്കും ഈ വിഷയങ്ങളിൽ നിങ്ങളുടെ ചിന്തകൾ കൂടുതൽ തെളിച്ചമുള്ളതാക്കുക.
 12. മറ്റുള്ളവരെ എങ്ങനെയാണ് സഹായിക്കാനാകുക എന്ന് ചിന്തിക്കാനുള്ള കാലം കൂടിയാണ് ഇത്. കൊറോണ ഈ വിധത്തിൽ തുടർന്നാൽ കോളേജ് വിദ്യാർഥികൾ സന്നദ്ധ പ്രവർത്തനത്തിനായി രംഗത്ത് ഇറങ്ങേണ്ടി വരും. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ വയസ്സായവർ, ഭിന്നശേഷി ഉള്ളവർ, മറുനാട്ടുകാർ എന്നിങ്ങനെ നമ്മുടെ സഹായം വേണ്ടവർ ധാരാളമുണ്ട്. വ്യക്തിപരമായും സംഘടിതമായും എന്താണ് അവർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്നതെന്ന് ചിന്തിക്കുക.
 13. കൊറോണ സന്പദ്‌വ്യവസ്ഥയിൽ പല കുഴപ്പങ്ങളും ഉണ്ടാക്കാൻ പോവുകയാണ്. നമ്മുടെ സന്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായ വിദേശ പണത്തിന്റെ വരവ്, ടൂറിസം, നിർമ്മാണം, ട്രാവൽ, ഹോട്ടൽ, കാറ്ററിങ് ഈ മേഖലകളിലോക്കെ വലിയ ഇടിവ് ഉണ്ടാകും. നമ്മുടെ നാടിന്റെ തൊഴിൽ രംഗത്തെ ഇപ്പോൾ പിടിച്ചു നിർത്തുന്ന മറുനാടൻ തൊഴിലാളികൾ പലരും തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകും. കോളേജ് വിദ്യാർഥികൾ പഠനത്തിന്റെ കൂടെ പാർട്ട് ടൈം ജോലി ചെയ്യേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇത് പ്രാബല്യത്തിലാക്കാൻ പറ്റിയ അവസരമാണ്. ജൂണിനപ്പുറം കൊറോണയിൽ നിന്നും ലോക സന്പദ്‌വ്യവസ്ഥ തിരിച്ചു കയറുന്ന സമയത്ത് നമ്മുടെ വിദ്യാർത്ഥികളും യുവാക്കളും ആയിരിക്കണം കേരളത്തിൽ അതിനെ നയിക്കേണ്ടത്.
 14. അവധിക്കാലം എപ്പോഴും അപകടങ്ങളുടെ കാലം കൂടിയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഈ അവധിക്കാലം സുരക്ഷിതമായി വേണം ആഘോഷിക്കാൻ, വെള്ളത്തിലുള്ള അപകടങ്ങളും ബൈക്ക് അപകടങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രമിക്കണം.
 15. മാർച്ച് മുതലാണ് കുട്ടികളുടെ അവധിക്ക് മാതാപിതാക്കൾ പ്ലാൻ ചെയ്തിരുന്നത്. ഇപ്പോൾ അപ്രതീക്ഷിതമായ അവധിക്കാലം വന്നപ്പോൾ വീട്ടിൽ തനിയെ വിട്ടു പോരാൻ പറ്റാത്ത കുട്ടികളെ (ആംഗൻ വാടി തൊട്ട് ഹൈസ്‌കൂൾ വരെ) എന്ത് ചെയ്യും എന്നത് പലയിടത്തും പ്രശ്നമാകും. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കേണ്ടി വരും. ശ്രദ്ധിക്കുക, നിങ്ങളുടെ കുട്ടികളെ ആരുടെ അടുത്താണോ ആക്കുന്നത് അവിടെ അവർ സുരക്ഷിതരാണെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ഉറപ്പു വരുത്തുക (എത്ര അടുത്ത ബന്ധുവിന്റെ/സുഹൃത്തിന്റെ അടുത്താണെങ്കിൽ പോലും).
 16. അവധിക്കാലം ആഘോഷത്തിന്റെ കൂടി കാലമാണ്. കുറച്ചു നാൾ കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക. കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്.

സുരക്ഷിതരായിരിക്കുക, പക്ഷെ കൊറോണയെപ്പറ്റി മാത്രം ചിന്തിച്ചു വിഷാദമായിരിക്കുന്ന ഒരു അവധിക്കാലമല്ല മറിച്ച് അടുത്ത കലത്തുണ്ടായിട്ടുള്ളതിൽ ഏറ്റവും അടിപൊളിയായ ഒരു അവധിക്കാലം ഉണ്ടാകട്ടെ.

മുരളി തുമ്മാരുകുടി, നീരജ ജാനകി

വിദ്യാർത്ഥികൾക്ക് സൗജന്യമായി ചെയ്യാവുന്ന കോഴ്‌സുകളുടെ ലിസ്റ്റ് താഴെയുള്ള കമന്റുകളിൽ കൊടുത്തിട്ടുണ്ട്. നിങ്ങൾക്കും എന്തെങ്കിലും ആശയങ്ങൾ ഉണ്ടെങ്കിൽ ദയവായി പോസ്റ്റ് ചെയ്യണം.