ഇന്ന് വിജയദശമി; ഹരിശ്രീ കുറിച്ച് കുരുന്നുകള്‍…

0

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വിദ്യാരംഭം. മിക്ക കുരുന്നുകളും ആദ്യാക്ഷരമെഴുതുന്നത് വീടുകളില്‍നിന്നു തന്നെയാണെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനാൽ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. എഴുത്തിനിരുത്ത് പരമാവധി വീടുകളിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

അകലം പാലിക്കുന്നതിനായി, എഴുത്തിനിരുത്തുന്ന രീതികള്‍ക്കും ചില മാറ്റങ്ങളുണ്ട്. ആചാര്യന്മാര്‍ക്കുപകരം രക്ഷിതാക്കള്‍തന്നെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഹരിശ്രീ എഴുതിക്കണം. നാവിലെഴുതാനുള്ള സ്വര്‍ണമോതിരം രക്ഷിതാക്കള്‍ കരുതണം. നിര്‍ദേശങ്ങള്‍ നല്കാന്‍ മൂന്നോ നാലോ ആചാര്യന്മാര്‍മാത്രമേ വിദ്യാമണ്ഡപത്തില്‍ കാണൂ. എഴുത്തിനിരുത്ത് പൂര്‍ത്തിയാക്കി ഉപദേവതാനടകളില്‍ തൊഴുത് മടങ്ങണം. ഇതൊക്കെയാണ് ഇത്തവണ കോവിഡ് കണക്കിലെടുത്ത് വിദ്യാരംഭ രീതിയിൽ വന്ന മാറ്റം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

രാവിലെ 7.30 മുതല്‍ വിജയദശമി ചടങ്ങുകള്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പരിമിതമായേ കുട്ടികളെ എഴുത്തിനിരുത്തുകയുള്ളൂ. ഏറ്റവും കൂടുതല്‍ പേര്‍ വിദ്യാരംഭത്തിന് എത്താറുളള തിരൂര് തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഒഴിവാക്കി. തുഞ്ചൻ പറമ്പിൽ ഇത്തവണ നേരിട്ടുള്ള എഴുത്തിനിരുത്ത് ഇല്ല. ഓൺലൈൻ ആയാണ് ആദ്യാക്ഷരം കുറിക്കൽ. ട്രസ്റ്റ് ചെയർമാൻ എം.ടി വാസുദേവന്‍ നായർ ഓൺലൈനിലൂടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.അതേ സമയം എഴുത്തച്ഛ ന്റെ കളരിയില്‍ പുസ്തക പൂജയ്ക്കും പ്രാര്‍ഥനയ്ക്കും അവസരം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാക്ഷ്യപത്രം, അക്ഷരമാല, ഹരിനാമകീര്‍ത്തനം എന്നിവയെല്ലാം അയച്ചുകൊടുക്കുന്നുണ്ട്.