വന്ദേഭാരത് നാലാംഘട്ടം: കേരളത്തിലേക്കുള്ള 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

0

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം തുടങ്ങും. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബഹ്റിൻ, ഒമാൻ, യുഎഇ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിമാനങ്ങൾ അധികവും ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നുമാണ്.

സൗദി അറേബ്യയില്‍ നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ.

ഇന്നലെ മുതല്‍ ദിവസം 40മുതല്‍50 വരെ വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജൂലൈയിൽ വരുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കുമെന്നും വിമാനങ്ങൾക്ക് അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികൾ പാലിക്കേണ്ട മുൻകരുതലുകൾ സംസ്ഥാനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്. പ്രവാസികൾ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധനയടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.