‘വായു’ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്തിൽ; രണ്ടുലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

0

അഹമ്മദാബാദ് ∙ അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് ഗുജറാത്തിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപിന്‍റെ സൂചന. മുന്നറിയിപ്പിനെ തുടർന്ന്, കച്ച്, സൗരാഷ്ട്ര മേഖലയിൽ നിന്ന് പതിനായിരങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ 2.15 ലക്ഷം ആളുകളെ വീടുകളിൽനിന്ന്‌ ഒഴിപ്പിച്ചതായി സർക്കാർവൃത്തങ്ങൾ വെളിപ്പെടുത്തി.

അതിതീവ്ര ചുഴലിയായി ശക്തിപ്രാപിച്ച ‘വായു’ വെരാവലിന് 280 കിലോമീറ്റർ തെക്കു വരെ എത്തി. പോർബന്തറിനും ദിയുവിനും ഇടയിൽ വായു നിലംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒടുവിൽ അറിയിച്ചത്. നിലവിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ്, കൂടുതൽ ശക്തിപ്രാപിച്ച് ഇന്ന് ഉച്ചയ്ക്കു ശേഷം 170 കിലോമീറ്റർ വേഗത്തിൽ ഈ പ്രദേശങ്ങളിൽ ആഞ്ഞടിക്കും. മഹാരാഷ്ട്ര, ഗോവ തീരപ്രദേശങ്ങളിലും കാറ്റ് ശക്തമായിരിക്കും.

പഴയ വീടുകളിലും കോൺക്രീറ്റ് ചെയ്യാത്ത മേൽക്കൂരയുള്ള ഭവനങ്ങളിലും കഴിയുന്നവരെ നിർബന്ധമായി മാറ്റി. ഗുജറാത്തിലെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചു. തീരദേശത്തുകൂടി പോകേണ്ട ട്രെയിനുകൾ റദ്ദാക്കി. റോഡ് ഗതാഗതം വിലക്കിയിട്ടുണ്ട്. മരണരഹിത രക്ഷാപ്രവർത്തനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗാന്ധിനഗറിൽ കൺട്രോൾ റൂമിൽ അദ്ദേഹം നേതൃത്വംവഹിക്കുന്നു. വിവിധ ജില്ലകളിൽ മന്ത്രിമാരെ ചുമതലനൽകി അയച്ചിരിക്കുകയാണ്. കേരള തീരത്ത് ഇന്നും ശക്തമായ കടലേറ്റത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു വിലക്കിയിട്ടുണ്ട്.