അയ്യപ്പഭക്ത സംഗമത്തിൽ കണ്ടത് സവർണ കൂട്ടായ്മ; പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം: വെള്ളാപ്പള്ളി

0

കോട്ടയം: സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തരുടെ സംഗമത്തില്‍ ഉണ്ടായതെന്ന് എസ്ന്‍ ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആത്മീയ സമ്മേളനം എന്ന് പ്രഖ്യാപിച്ചിട്ടാണ് കഴിഞ്ഞ ദിവസം അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. നായാടി മുതൽ നമ്പൂതിരി വരെയുള്ള സമുദായങ്ങളുടെ ഐക്യമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സവർണ ഐക്യമാണ് ആ വേദിയിൽ ഉണ്ടായത്. പിന്നെ നാമമാത്രമായ ചിലരെ അവിടെ പ്രതിഷ്‌ഠിക്കാൻ കഴിഞ്ഞു. അവർണരെയും പിന്നാക്കക്കാരെയും ആ വേദിയിൽ കണ്ടില്ല. യോഗത്തിൽ മാതാ അമൃതാനന്ദമയി വരുമെന്നും ചടങ്ങിലേക്ക് വരണമെന്നും സംഘാടകർ തന്നോട് ആവശ്യപ്പെട്ടിരുന്നു. മാതാ അമൃതാനന്ദമയി ആത്മീയ പ്രഭാഷണം നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇങ്ങനെയൊരു അജണ്ടയുണ്ടെന്ന് പിന്നീടാണ് മനസിലായത്. എന്തായാലും പോകാതിരുന്നത് മഹാഭാഗ്യമായിപ്പോയി. പോയിരുന്നെങ്കിൽ കെണിയിൽ വീഴുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പനെ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തില്‍ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെപോയിഅതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ തെറ്റായ വിവരം കോടതിയില്‍ കൊടുത്തതു വലിയ വീഴ്ചയായി. അത് ചീത്തപ്പേരുണ്ടാക്കി.കൃത്യമായി പരിശോധിച്ചു വേണം ഇത്തരം പട്ടിക തയാറാക്കനെന്നും വെള്ളാപ്പള്ളി പറഞ്ഞു.