ബിച്ചു തിരുമല വിടവാങ്ങി.

0

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

അഞ്ഞൂറിലേറെ ചലച്ചിത്രഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായി ജനിച്ചു.

1962ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ “ബല്ലാത്ത ദുനിയാവ്” എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്.
നടന്‍ മധു നിര്‍മ്മിച്ച “അക്കല്‍ദാമ”യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല.

മധുരതരമായ പ്രണയ സിനിമാകാവ്യങ്ങളിലൂടെ തന്റെ രചനാവൈഭവം തെളിയിച്ചിട്ടുള്ള ഗാനരചയിതാവാണ്‌ ബിച്ചു തിരുമല. ചരിത്രപരവും പൗരാണികവും സാംസ്ക്കാരികവുമായ ചിന്തകൾ തന്റെ തൂലികയിലൂടെ പാട്ടുകളാക്കാൻ ബിച്ചു തിരുമലയ്ക്ക് അന്യാദൃശ്യമായൊരു കഴിവ് തന്നെയുണ്ട്. കാല്പനികതയും പഴംചൊല്ലുകളും മിത്തുകളും നാട്ട് ഭാഷകളും അദ്ദേഹത്തിന്റെ പല ഗാനങ്ങളിലും കാണാം.

ഹാസ്യരസ പ്രധാനമായ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പ്രണയരതിയിൽ തീർത്ത മനോഹര ഗാന ശിൽപ്പങ്ങൾ മലയാള സിനിമാ ഗാനശാഖയ്ക്ക് അദ്ദേഹം നൽകിയിട്ടുണ്ട്.

ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് 1990 ലെ വാമദേവന്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1989ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍

ശ്രദ്ധേയമായ ചില ഗാനങ്ങൾ :

കണ്ണും കണ്ണും,
നിഴലായ് ഒഴുകി വരും,
ഓളങ്ങൾ താളം തല്ലുമ്പോൾ,
ശ്രുതിയിൽ നിന്നുയരും,
മൈനാകം,
തെയ്യാട്ടം ധമനികളിൽ,
ഏതോ ജന്മബന്ധം,
ഒരു മധുരക്കിനാവിൻ,
കണ്ണാന്തളിയും,
ഓർമ്മയിൽ ഒരു ശിശിരം,
കാറ്റ് താരാട്ടും,
വെള്ളിച്ചില്ലും വിതറി,
തേനും വയമ്പും,
ഒറ്റക്കമ്പി നാദം,,
ഏഴു സ്വരങ്ങളും,
സമയരഥങ്ങളിൽ,
പാൽനിലാവിനും,
മുത്തമിട്ട നേരം,
മഞ്ഞണിക്കൊമ്പിൽ…
തുടങ്ങിയ എത്രയോ ഗാനങ്ങളുമായി മലയാളികളുടെ മനസ്സിലേക്ക് ആഴത്തിൽ ഉർന്നിറങ്ങിയ ബിച്ചു തിരുമല എന്ന മഹത് വ്യക്തിക്കു പ്രണാമം