വയലിനില്‍ മാന്ത്രികസംഗീതം തീര്‍ത്ത ബാലഭാസ്കര്‍; വീഡിയോ

2

എങ്ങനെയാണ് വയലിനില്‍ ഇങ്ങനെ ഇത്രയും മനോഹരമായ സംഗീതം തീര്‍ക്കുന്നത് എന്നൊരിക്കല്‍ ആരോ ബാലഭാസ്കറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം ‘എനിക്ക് വയലിനെ ഭയമില്ല ‘ എന്നായിരുന്നു. അതായിരുന്നു ബാലുവും വയലിനും തമ്മിലുള്ള ബന്ധവും. 

അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കരുടെ പേരും ചേര്‍ത്താണ് ബാലഭാസ്‌കര്‍ എന്ന പേരിട്ടത്. അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു. അമ്മയുടെ സഹോദരന്‍ ബി ശശികുമാര്‍ വിഖ്യാത വയലിനിസ്റ്റും. അദ്ദേഹമാണ് ബാലുവിന്റെ ഗുരുനാഥന്‍. മൂന്നു വയസ്സു മുതല്‍ അമ്മാവന്‍ ബാലുവിനെ വയലിന്‍ പഠിപ്പിച്ചു. പത്താം €ാസുവരെ അമ്മാവന്റെ കൂടെ താമസിച്ച് പഠനം തുടര്‍ന്നു. 17-ാം വയസ്സില്‍ മംഗല്യപ്പലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ആറു പാട്ടുകള്‍ ആ ചിത്രത്തിനായി ഒരുക്കിയിരുന്നു. 
രാജീവ് നാഥിന്റെ മോക്ഷം, രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്നീ സിനിമകളിലും സഹകരിച്ചു. പാട്ടിന്റെ പാലാഴിയില്‍ പശ്ചാത്തല സംഗീതം ചെയ്തതിനു പുറമേ അഭിനയിക്കുകയും ചെയ്തിരുന്നു.

വയിലിനില്‍ സംഗീത വിസ്മയം തീര്‍ത്ത ബാലഭാസ്‌കര്‍ 17ാം വയസില്‍ സ്വതന്ത്ര സംഗീത സംവിധായകനായി – മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ. പിന്നീട് സിനിമകളില്‍ അത്ര സജീവമായില്ലെങ്കിലും ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും ബാലഭാസ്‌കര്‍ സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരനായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മാര്‍ ഇവാനിയോസ് കോളേജ്, സംസ്കൃത കോളേജ് എന്നിവിടങ്ങളിലെ താരമായിരുന്നു ബാലഭാസ്കര്‍. സംസ്കൃത കോളേജില്‍ എംഎ സംസ്കൃതം വിദ്യാര്‍ഥി ആയിരിക്കെയാണ് എംഎ ഹിന്ദി വിദ്യാര്‍ഥി ആയിരുന്ന ലക്ഷ്മിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും ചെറുപ്രായത്തില്‍ വിവാഹിതരായി. ബാലഭാസ്കറിന് 22 വയസ് പ്രായമുള്ളപ്പോള്‍. ലക്ഷ്മിക്ക് വേണ്ടി കമ്പോസ് ചെയ്ത “ആര് നീ എന്നോമലേ” ശ്രദ്ധേയമായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബാലഭാസ്‌കര്‍ തുടങ്ങിയ ‘കണ്‍ഫ്യൂഷന്‍’ എന്ന ബാന്‍ഡ് കേരളത്തിലെ തന്നെ ആദ്യത്തെ സംഗീത ബാന്‍ഡുകളിലൊന്നാണ്. എആര്‍ റഹ്മാനെ പോലുള്ള സംഗീത സംവിധായകര്‍ ബാലഭാസ്കറിന്‍റെ പ്രകടനം ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ബാലഭാസ്‌കറിന്റെ വയലിന്‍ മാന്ത്രികതയിലൂടെ, വീഡിയോകള്‍ എക്കാലവും യുട്യൂബില്‍ സൂപ്പര്‍ ഹിറ്റാണ്.