എയർ ഇന്ത്യയെ ഏറ്റെടുക്കാൻ വിസ്താര എയർലൈൻസ് ശ്രമിച്ചേക്കും

0

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ വിസ്താര എയർലൈൻസ് ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. 100 ശതമാനം ഓഹരികൾക്കുള്ള വാഗ്ദാനം മൂല്യവത്താണെന്ന രീതിയിലാണ് വിസ്താരയിൽനിന്നുള്ള അനൗദ്യോഗികപ്രതികരണം. ടാറ്റ സൺസിന് 51 ശതമാനം പങ്കാളിത്തമുള്ള വിമാനക്കമ്പനിയാണ് വിസ്താര.

ജെ.ആർ.ഡി. ടാറ്റ തുടങ്ങിയ ‘ടാറ്റാ എയർലൈൻസ്’ ആണ് ഒരിക്കൽ സർക്കാർ ഏറ്റെടുത്ത് ‘എയർ ഇന്ത്യ’ ആക്കി മാറ്റിയത്. അതുകൊണ്ടുതന്നെ എയർ ഇന്ത്യ വീണ്ടും ടാറ്റ കുടുംബത്തിലേക്ക് തന്നെ എത്തുമെന്ന ഒരു ആകർഷണം കൂടി ഈ ഏറ്റെടുക്കലിനു പിറകിൽ ഉണ്ട്.

വിസ്താരയെക്കൂടാതെ മറ്റു ഏഴ് കമ്പിനികൾ കൂടി എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ടെന്ന് ഏതാനും ആഴ്ചമുമ്പ് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വെളിപ്പെടുത്തിയത്. 100 ശതമാനം ഓഹരികളും നിയന്ത്രണവും ലഭിക്കുമെന്നത് വിദേശ കമ്പനികൾക്കടക്കം താത്പര്യമുണ്ടാക്കുന്നതാണ്.

മാർച്ച് 17-നാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാനതീയതി. ഇതിനകം കൂടുതൽതുക ആരു സമർപ്പിക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. എയർ ഇന്ത്യ വിൽക്കുന്നതുസംബന്ധിച്ച രേഖകൾ ലഭിച്ചതായും ഒട്ടേറെ കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നും ടാറ്റ അധികൃതർ സൂചിപ്പിച്ചു. അതേസമയം, ടാറ്റ സൺസ് ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിസ്താര രംഗത്തെത്തിയാൽ മറ്റേതെങ്കിലും നിക്ഷേപകരുമായോ വിമാനക്കമ്പനികളുമായോ ചേർന്നായിരിക്കും സമീപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയെപ്പോലെ വൻ കമ്പനിയെ ഒറ്റയ്ക്ക് ഏറ്റെടുക്കുക ദുഷ്കരമായിരിക്കുമെന്നതിനാലാണിത്. എയർ ഇന്ത്യയെ ഏറ്റെടുത്താൽ ‘വിസ്താര’യ്ക്ക് ഇന്ത്യൻ വ്യോമയാനരംഗത്ത് മേൽക്കൈ നൽകും. 100 കോടി ഡോളർ മൂലധനത്തോടെ(ഏകദേശം 7100 കോടി രൂപ) 2013-ൽ തുടങ്ങിയ വിമാനക്കമ്പനിയാണ് എയർ വിസ്താര.

ടാറ്റ സൺസിന് 51 ശതമാനവും സിങ്കപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരിപങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 2015-ൽ ആദ്യ സർവീസ് തുടങ്ങിയ വിസ്താരയ്ക്കിപ്പോൾ 6.1 ശതമാനം വിപണിവിഹിതമുണ്ട്. എയർ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ട്.