നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ: ആർ.ശ്രീലേഖയുടെ മൊഴിയെടുക്കും

0

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് നിരപരാധിയാണെന്നു വെളിപ്പെടുത്തിയ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനൊരുങ്ങി പൊലീസ്. പ്രോസിക്യൂഷൻ ഇതു സംബന്ധിച്ച് നിയമോപദേശം തേടി. കോടതി അനുമതിയോടെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഇന്നുതന്നെ വിചാരണക്കോടതിയെ സമീപിച്ചേക്കും. ഇന്നു സിറ്റിങ് ഇല്ലാത്ത സാഹചര്യത്തിൽ നാളെയായിരിക്കും അപേക്ഷ പരിഗണിക്കുക.

കേസിൽ, മുൻ ഡിജിപിയുടെ ഭാഗത്തുനിന്നു ഗുരുതര കോടതിയലക്ഷ്യം ഉണ്ടായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ പ്രതിയായ ഒരാൾ കുറ്റക്കാരനല്ലെന്നു നേരത്തെ സർവീസിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. ഇതു വിചാരണയെ ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിക്കുന്നത്.

നടൻ ദിലീപും പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനു പൊലീസിന്റെ പക്കലുള്ള ചിത്രം വ്യാജമായി ചമച്ചതാണെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയതായി ഇവർ പറയുന്നത് കേസിനെ ബാധിക്കും. ഇതു സംബന്ധിച്ച വസ്തുതകൾ ശേഖരിക്കുന്നതിനും എന്തു സാഹചര്യത്തിലാണ് ഈ കാര്യങ്ങളുടെ വെളിപ്പെടുത്തലെന്നും അറിയുന്നതിനാണ് ശ്രീലേഖയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ഇവരുടെ വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്ന ഒരാൾ എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ ഉയർത്തുന്നതെന്നും ഉദ്യോഗസ്ഥർ ചോദിക്കുന്നു. അതേസമയം, കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കി ഈ മാസം 15നകം റിപ്പോർട്ട് നൽകണമെന്നിരിക്കെയാണ് ഈ ആരോപണങ്ങൾ എന്നത് അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കുന്നുണ്ട്.