പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ചതായി പരാതി

0

ഡൽഹി: രാജ്യതലസ്ഥാനത്തെ പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ചതായി പരാതി. മാധ്യമപ്രവര്‍ത്തകയായ യുവതിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ദക്ഷിണ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലുള്ള ഷോറൂമിലാണ് സംഭവം. ഷോറൂമിലെ ജിവനക്കാരന്‍ ഒളിക്യാമറയിലെ തത്സമയ ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

പ്രതിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറയുന്നു. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമില്‍ കയറി അത് ധരിച്ചുനോക്കി. അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മറ്റൊരു ഡ്രസിങ് റൂമിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു.

എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നു. ഇതേത്തുടര്‍ന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പൊലീസ് സ്‌റ്റേഷനിലെ യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു നടപടിയെടുത്തതായി ഗ്രേറ്റര്‍ കൈലാഷ് പൊലീസ് അറിയിച്ചു.