ബാര്‍സിലോന ഇതിഹാസം സാവി ഹെര്‍ണാണ്ടസിന് കോവിഡ്

0

ദോഹ: ബാഴ്സലോണയുടേയും സ്പെയ്നിന്റേയും ഇതിഹാസ താരം സാവി ഹെർണാണ്ടസിന് കോവിഡ്-19 സ്ഥിരീകരിച്ചു. സാവി തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബാഴ്‌സലോണയില്‍ നിന്നും വിരമിച്ചശേഷം ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ കളിക്കാരനായിരുന്ന സാവി അതേ ടീമിനെ പരിശീലിപ്പിച്ചു വരികയായിരുന്നു.

കൊവിഡിന് ശേഷം നിര്‍ത്തിവെച്ച ഫുട്‌ബോള്‍ സീസണ്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് സാവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ശനിയാഴ്ച്ച നടക്കുന്ന ഖത്തർ സ്റ്റാർസ് ലീഗിലെ മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്നും ക്ലബ്ബ് അറിയിച്ചു. അൽ സദ്ദിന്റെ അടുത്ത മത്സരം അൽ ഖോറിനെതിരേയാണ്.

തന്റെ പരിശോധനാഫലം പോസിറ്റീവാണ്. എന്നാല്‍, തനിക്കിപ്പോള്‍ രോഗലക്ഷണങ്ങളൊന്നുമില്ല. സുരക്ഷാ മാനദണ്ഡപ്രകാരം ക്വാറന്റൈനിലായിരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ അനുവദിക്കുന്ന സമയത്ത് ടീമിനൊപ്പം ചേരുമെന്നും സാവി വ്യക്തമാക്കി.

ശനിയാഴ്ച്ച മുതലാണ് ഖത്തർ ലീഗ് പുനരാരംഭിച്ചത്. അഞ്ചു റൗണ്ട് മത്സരങ്ങൾ ശേഷിക്കുന്ന ലീഗിൽ അൽ സദ്ദ് നിലവിൽ മൂന്നാം സ്ഥാനത്താണ്. സാവിയുടെ അഭാവത്തിൽ റിസർവ് കോച്ച് ഡേവിഡ് പ്രാറ്റ്സ് ആയിരിക്കും ടീമിനെ പരിശീലിപ്പിക്കുക.

ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് സാവി ഹെർണാണ്ടസ്. 1998 മുതൽ 2015 വരെ ബാഴ്സക്കായി കളിച്ച ശേഷമാണ് സാവി ഖത്തറിലേക്ക് മാറിയത്. ലാ ലീഗയില്‍ ബാഴ്‌സലോണക്ക് വേണ്ടി 505 മത്സരങ്ങള്‍ കളിച്ച സാവി 85 ഗോളുകളും നേടിയിട്ടുണ്ട്. സ്‌പെയ്‌നിനുവേണ്ടി 133 കളികളില്‍ നിന്നും 13 ഗോളുകള്‍ നേടി. 2010ല്‍ ലോകകപ്പ് നേടിയ സ്‌പെയ്ന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു. ഇനിയേസ്റ്റയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം ബാഴ്‌സലോണയ്ക്കുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയ താരം കൂടിയാണ് സാവി.