യുവാവും യുവതിയും ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

0

വൈക്കം: കുലശേഖരമംഗലം വാഴേകാട് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകൻ അമർജിത്തും (23) സമീപവാസി വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയയും (21) ആണ് മരിച്ചത്.

വീടിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ഏകദേശം ഒരു മീറ്റർ അകലത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ശനി രാത്രി വീട്ടിലുണ്ടായിരുന്ന ഇവരെ ഇന്നലെ പുലർച്ചെ കാണാതായതോടെ വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്കിടയിൽ പ്രണയം ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നാണ് ഇരുവരുടെയും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയത്. സംഭവത്തിൽ നിലവിൽ ദുരൂഹത ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സിഐ എസ്.ഷിഹാബുദ്ദീൻ പറഞ്ഞു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി.

അമർജിത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുകയായിരുന്നു. അമർജിത്തിന്റെ മാതാവ്: എത്സമ്മ. സഹോദരി: വിഷ്ണുപ്രിയ. സംസ്കാരം ഇന്ന് 4ന്. കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് കോഴ്സ് വിദ്യാർഥിനിയാണ്. മാതാവ്: സിന്ധു. സഹോദരി: കാവ്യ. സംസ്കാരം നടത്തി.