ഇനി വരുന്നത് സർജറി ജിഹാദ്

0

കോട്ടയം വടവത്തൂർ സ്വദേശിയായ നേവിസ് എന്ന യുവാവിൻ്റെ ഹൃദയം കണ്ണൂർ കുടുക്കി മൊട്ട സ്വദേശി പ്രേംചന്ദിൽ മിടിക്കാൻ തുടങ്ങിയിരിക്കുന്നു. വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയും മനുഷ്യൻ്റെ മനോഭാവത്തിലുണ്ടായ മാറ്റവുമാണ് സന്തോഷകരമായ ഈ സംഭവത്തിന് സഹായകമായിത്തീർന്നത്. ഇതിന് മുമ്പ് തിരുവനന്തപുരം സ്വദേശി വിഷ്ണു ശർമ്മയുടെ ഹൃദയം കോട്ടയത്തെ മാത്യു അച്ചാടനിലും ഇത് പോലെ ഹൃദയ ശസ്ത്രക്രിയ വഴി മാറ്റി വെച്ചിരുന്നു.

വ്യത്യസ്ത മതത്തിൽ പെട്ട ഹൃദയമായിട്ടും ഇവരുടെ ശരീരം ഹൃദയങ്ങളെ സ്വീകരിക്കാൻ മടി കാണിച്ചിരുന്നില്ല. ഇവിടെയും പണ്ഡിതരായ മതമേലധ്യക്ഷൻമാർ ഒരു ഹൃദയമാറ്റ ശസ്ത്രക്രിയാ ജിഹാദ് എന്ന പുതിയ ആരോപണവും മുദ്രാവാക്യവും ഉയർത്തേണ്ടതായിരുന്നു. രംഗം കൊഴുപ്പിക്കാൻ രാഷ്ടീയ നേതാക്കന്മാർക്ക് അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു’ ഈ ഹൃദയമാറ്റ ശസ്ത്രക്രിയകൾ വർഗ്ഗീയ വാദികളായ മതമേലധ്യക്ഷൻ മാർക്ക് നൽകുന്ന വലിയ സന്ദേശമുണ്ട്. മതമല്ല കാര്യം, ജീവനാണ് വലുത് എന്നത് തന്നെയാണ് ആ വിലപ്പെട്ട സന്ദേശം.

മത പാണ്ഡിത്യത്തിൻ്റെ പരപ്പല്ല, മാനവികതയുടെ ആഴം തന്നെയാണ് പ്രധാനം എന്ന് പണ്ഡിതരെന്ന് നടിക്കുന്ന അല്പജ്ഞാനികൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഈ അവയവ മാറ്റ ശസ്ത്രക്രിയയിലൂടെ പഠിക്കുന്ന വലിയ പാഠം കേടുവന്ന ശരീരത്തെ നമുക്ക് മാറ്റിയെടുക്കാമെന്നതും കേടുവന്ന മനസ്സിനെ മാറ്റാൻ ആധുനിക ശാസ്ത്രത്തിന് കഴിയുകയുമില്ല എന്ന് തന്നെയുമാണ്. കേട് വന്ന മനസ്സിൻ്റെ ഉടമകളായ മതാന്ധൻമാർക്ക് ഇതൊന്നും കാണാനുള്ള കാഴ്ചശക്തിയില്ലെന്ന് നാം തിരിച്ചറിയുക. അത് കൊണ്ട് തന്നെ നാളെ ഉയരാൻ പോകുന്ന വിവാദം അവയവ മാറ്റ ശസ്ത്രക്രിയാ ജിഹാദ് എന്ന പുതിയ വ്യവഹാരമായിരിക്കും’ നമുക്ക് കാത്തിരിക്കാം.