ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് പണിമുടക്ക്; സക്കർബർഗിനു നഷ്ടം 52,246 കോടി രൂപ

0

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്കിൻ്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുറഞ്ഞു.

ഇത്ര ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കർബർഗ് പിന്നിലേക്കിറങ്ങി. നിലവിൽ ബിൽ ഗേറ്റ്സിനു പിറകിൽ അഞ്ചാം സ്ഥാനത്താണ് സക്കർബെർഗ്. ടെസ്‌ല, സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്, ആമസോൺ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഫ്രഞ്ച് വ്യവസായി ബെർനാൾഡ് അർനോൾട്ട് മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

മണിക്കൂറുകൾ നീണ്ട സേവന തടസത്തിനുശേഷമാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാർക് സുക്കർബെർഗും സേവനങ്ങൾ തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

ഫേസ്ബുക്ക് മാനേജ്‌മെന്റ് ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ചു. ഫേസ്ബുക്ക് മെസഞ്ചറിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാട്‌സാപ്പിന്റെയും സേവനം താത്ക്കാലികമായി പണിമുടക്കിയത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു സേവനങ്ങൾ തകരാറിലായെന്ന് പ്രതികരണം. ഏഴുമണിക്കൂറോളമാണ് ഫേസ്ബുക്കിനുകീഴിലുള്ള സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെട്ടത്.

വാട്‌സാപ്പിൽ സന്ദേശങ്ങൾ അയക്കാൻ കഴിയാതിരുന്നതോടെയാണ് ആപ്ലിക്കേഷൻ പണിമുടക്കിയെന്ന് ഉപഭോക്താക്കൾക്ക് മനസിലായത്.വാട്‌സാപ്പിന്റെ ഡെസ്‌ക്ടോപ് വേർഷനും പ്രവർത്തനരഹിതമാണ്. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ’് എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആയിരുന്നില്ല.ഇൻസ്റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിച്ചില്ല.

ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുൻപും ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒരുമിച്ച് പ്രവർത്തന രഹിതമാവുകയും അൽപ സമയത്തിന് ശേഷം തിരികെയെത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.