യുവ കൂട്ടായ്മയുടെ ഹ്രസ്വചിത്രം ‘ഗ്രേസ് വില്ല’ യൂട്യൂബിൽ വമ്പന്‍ ഹിറ്റ്

0

ബിനോയ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ഗ്രേസ് വില്ല എന്ന കൊച്ചു ചിത്രം യുടുബില്‍ വന്‍ അഭിപ്രായം നേടുന്നു.1988 ലെ കൂർഗ് പശ്ചാത്തലമാക്കിയാണ് ഗ്രെയിസ് വില്ല ഒരുക്കിയിരിക്കുന്നത്.പ്രേക്ഷകരെ കഥാന്ത്യം വരെ പിടിച്ചിരുത്താന്‍ 14 മിനുറ്റ് ദൈര്‍ഘ്യമുള്ള ഗ്രേസ് വില്ലയ്ക്ക് കഴിയുന്നുണ്ട്.പാർവ്വതി ടി, രാജോഷ്, കൊച്ചു പ്രേമൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

കഥാ തുടക്കം മുതല്‍ അടുത്ത രംഗത്തെ കുറിച്ചോ കഥാപാത്ര ചലനങ്ങളെ കുറിച്ചോ പ്രേക്ഷകന് ഒരു തരത്തിലും പിടി തരാതെയാണ് ഗ്രേസ് വില്ലയുടെ അവതരണം. ചോരപ്പുഴയൊഴുകിയ പ്രതികാര കഥയാവാതെയും സ്ത്രീ കഥാപാത്രത്തെ നിസ്സഹായതയുടെ പക്ഷത്ത് പ്രതിഷ്ഠിക്കാതെയും മികച്ചൊരു സസ്‌പെന്‍സ് ത്രില്ലറിനുള്ള രചനാസൂത്രങ്ങള്‍ സംവിധായകന്‍ കാണിക്കുന്നുണ്ട്. പ്രതീക്ഷിത വഴിയില്‍ നിന്ന് വെട്ടിത്തിരിഞ്ഞ ക്ലൈമാക്‌സും ചിത്രത്തിന് കരുത്തേകുന്നു.

നിരവധി സിനിമാസ്വാദക സദസ്സുകള്‍ക്കുമുമ്പിലെ വിജയകരമായ പ്രീവ്യൂ ഷോകള്‍ക്ക് ശേഷം യുട്യൂബില്‍ നടന്‍ ടൊവീനോ തോമസ് ആണ് ചിത്രം റിലീസ് ചെയ്തത്. പയ്യന്നൂരില്‍നിന്നുള്ള ഒരു സംഘം ചെറുപ്പക്കാരാണ് ചിത്രത്തിന്റെ അണിയറയില്‍. ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്തായിരുന്നു നടന്നത്. ശ്യാമപ്രസാദും മധുപാലടക്കമുള്ള സംവിധായകരുടെ അഭിനന്ദനം നേടിയിരുന്നു ഗ്രേസ് വില്ല. ഇന്‍ക്യുലാബിന്റെ ബാനറില്‍ അഭിലാഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവരുടെ കൂട്ടായ്മയുടെ ആദ്യ ചിത്രം തവിടുപൊടി ജീവിതം യൂടുബില്‍ തരംഗം സൃ്ഷ്ടിച്ചിരുന്നു.