മാനക്കേടില്ലാത്ത വികസനം- മുരളി തുമ്മാരുകുടി

0

ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്‌സർലൻഡ് . സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജനാധിപത്യം, ലിംഗ സമത്വം, ഭിന്നശേഷി ഉള്ളവർ പങ്കാളികൾ ആയ സാമൂഹ്യ വികസനം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിങ്ങനെ പല മാനങ്ങളിൽ ഇവിടം ലോകത്തിന് മുൻപന്തിയിലോ മാതൃകയോ ആണ്.
ഇവിടെ ഞാൻ താമസിക്കുന്ന കെട്ടിട സമുച്ചയത്തിൽ റെസിഡന്റ് അസോസിയേഷനോ ഓണാഘോഷമോ (ക്രിസ്ത്മസ് ആഘോഷമോ) ഒന്നും ഇല്ല. പക്ഷെ വർഷത്തിൽ ഒരിക്കൽ എല്ലാവരും പങ്കെടുക്കുന്ന ഒരു പരിപാടി ഉണ്ട്. അമേരിക്കയിൽ ഒക്കെ “സ്പ്രിംഗ് ക്‌ളീനിംഗ്” എന്ന് പറയുന്ന വീട്ടിൽ ഉപയോഗമില്ലാതിരിക്കുന്ന സാധനങ്ങൾ പുറത്തെടുത്ത് വിൽക്കുന്ന പരിപാടി.
ഉപയോഗിച്ച് പഴകിയ സൈക്കിൾ മുതൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഉപയോഗിച്ച കുട്ടികളുടെ ഉടുപ്പ് വരെ, പഴയ ഐഫോൺ മുതൽ പുതിയ വസ്ത്രങ്ങൾ വരെ വീട്ടിൽ നാം ഉപയോഗിക്കാത്ത എന്തും ആ ദിവസം നമുക്കിഷ്ട്ടപ്പെട്ട വിലയിട്ട് കെട്ടിടത്തിന് നടുക്കുള്ള പുൽത്തകിടിയിൽ വക്കാം. ആദ്യ മണിക്കൂറുകളിൽ ഫ്ലാറ്റിൽ താമസിക്കുന്നവർ അന്യോന്യം ആണ് കച്ചവടവും കൊടുക്കൽ വാങ്ങലും. ഉച്ചയാകുന്നതോടെ അടുത്തുള്ള ഫ്ലാറ്റുകളിൽ നിന്നും ആളുകൾ കേട്ടറിഞ്ഞു വരും. വൈകീട്ട് ആകുന്നതോടെ മിക്കവാറും കാലി ആകും.
പല ഗുണമുണ്ട് ഈ മേള കൊണ്ട്. ഒന്നാമത് നമ്മൾ ഉപയോഗിക്കാത്തതൊക്കെ വേസ്റ്റ് ആയിട്ടു കുപ്പയിൽ ഇട്ട് അത് ആർക്കും ഉപയോഗം ഇല്ലാതാക്കി കളയുന്നില്ല. രണ്ടാമത്, അങ്ങനെ വരുന്ന വേസ്റ്റ് ഖരമാലിന്യ നിർമാർജന സംവിധാനങ്ങളിൽ നിറയുന്നില്ല, മൂന്നാമത് ഒരു സാധനം രണ്ടാമത് ഉപയോഗിക്കുമ്പോൾ പുതിയതൊരെണ്ണം ഉണ്ടാക്കുന്നതിന്റെ എക്കോളജിക്കൽ ഫൂട്ട് പ്രിന്റ് ഉണ്ടാകുന്നില്ല. എല്ലാവർക്കും സാമ്പത്തിക ലാഭം ഉൾപ്പടെ ഗുണങ്ങൾ വേറെയും ഉണ്ട്.
കേരളത്തിലെ മറ്റെല്ലാ നഗരങ്ങളെയും പോലെ പെരുമ്പാവൂരിലും ഖരമാലിന്യ നിർമാർജനത്തിന് ഒരു സംവിധാനവും ഇല്ല. എന്റെ ചെറുപ്പത്തിൽ വരെ ഞങ്ങൾ സ്‌കൂൾ പുസ്തകം തൊട്ടു കാക്കി നിക്കർ വരെ കുടുംബത്തിലെ മൂത്തവരുടെ ആണ് ഉപയോഗിച്ചിരുന്നത്. അപ്പോൾ ഇതുപോലെ ഒരു എക്സ്ചേഞ്ച് പദ്ധതിക്ക് നാട്ടിൽ സ്കോപ്പ് ഉണ്ടെന്ന് എനിക്ക് തോന്നി. ഞങ്ങളുടെ റെസിഡന്റ് അസ്സോസിയേഷനിൽ അവതരിപ്പിച്ചു. അതവർ വോട്ടിടാതെ തന്നെ തള്ളി.
“സാറേ, അതൊന്നും ഇപ്പോൾ ഇവിടെ നടക്കില്ല, നമ്മുടെ ആളുകൾ അഭിമാനികൾ ആണ്”.
സ്വിറ്റ്‌സർലൻഡിൽ ഉള്ളവരേക്കാൾ കൂടിയ എന്ത് മാനം ആണ് പെരുമ്ബാവൂരിൽ ഉള്ളതെന്ന് ഞാൻ ചോദിച്ചില്ല. അങ്ങനെ ഒരു പരിപാടി നടക്കില്ല എന്ന് മാത്രം മനസ്സിലാക്കി. പക്ഷെ വികസിത രാജ്യങ്ങളോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന കേരളം ഈ കാര്യത്തിൽ അല്പം തുറന്ന ചിന്താഗതി കാണിക്കണം.
പണ്ട് നമ്മുടെ നാട്ടിൽ പാവപ്പെട്ടവരുടെ വിഭവം ആയിരുന്ന കപ്പയും മീനും എല്ലാം ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടാൻ തുടങ്ങിയപ്പോൾ തിരിച്ച് മധ്യവർഗത്തിന്റെ തീൻ മേശയിൽ എത്തിയല്ലോ. അപ്പോൾ ഇവിടെയും അതുപോലെ ഒരു മാർക്കറ്റിങ്ങ് നടത്തിലായാൽ പണി നടക്കും. പരിസ്ഥിതി സ്നേഹം ഉള്ളവരും പണക്കാരും സെലിബ്രിറ്റികളും എൻ ആർ ഐ കളും ഒക്കെ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം. സിനിമാ താരത്തിന്റെയോ കളക്ടറുടെയോ മക്കൾക്ക് സെക്കന്റ് ഹാൻഡ് സൈക്കിൾ മതി എന്ന് അവർ തീരുമാനിച്ചു കാണുമ്പോൾ അങ്ങനെ ചെയ്യുന്നത് “മാനക്കേടല്ല” എന്ന് മറ്റുള്ളവർക്കും മനസ്സിലാകും. അല്ലാതെ കാശുള്ളവർ അവർ ഉപയോഗിക്കാതാവുന്ന വസ്തുക്കൾ പാവങ്ങൾക്ക് കൊടുക്കുന്ന തരത്തിലുള്ള ചാരിറ്റി ആയി റീസൈക്ലിങ് തുടർന്നാൽ സമൂഹത്തിന്റെ സാമ്പത്തിക നില കൂടുന്ന അനുസരിച്ച് ഖരമാലിന്യം കൂടും, നമ്മുടെ പരിസ്ഥിതി പാദമുദ്രയും.