അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ പുറത്തിറങ്ങി

0

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ പുറത്തിറങ്ങി. ‌‌‌‌കോവിഡ് മൂലം റിലീസ് വൈകിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷ നൽക്കുന്ന ഒന്നാണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്.

ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. ചിത്രത്തിൽ മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോൾ സഞ്ജനയായി ഗൗരി വേഷമിടുന്നു. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്.