ഏത് പ്രതിസന്ധിയിലും എനിക്കെന്‍റെ പിള്ളേരുണ്ടെടാ’ ആരാധകരോട് മോഹൻലാൽ

0

മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്റെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല.

ഒരു നടനെന്ന നിലയിൽ ഇതിൽകൂടുതൽ എന്താണ് എനിക്ക് വേണ്ടത്.കഴിഞ്ഞ 43 വർഷത്തിനിടെ മലയാളികളുടെ മനസിൽ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നെടുമ്പാശേരി സിയാല്‍ കണ്‍വെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

തന്റെ ഫാൻസ് അസോസിയേഷനോട് അന്ന് താൻ വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്‍ഘാടനം ചെയ്‌തത്‌ മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്തമാണെന്ന് പറഞ്ഞ മോഹൻലാല്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും ചടങ്ങില്‍ വ്യക്തമാക്കി.