ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

0

ഡൽഹി: ഡൽഹിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ എത്തിയ 15 ഇറ്റാലിയൻ വംശജർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. . ഇന്നലെ ഡൽഹിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

എയിംസിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. ഇറ്റലിയിൽനിന്ന് ജയ്പുർ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് മൂന്ന് കൊറോണ കേസുകളില്‍ ഒന്ന് ഡല്‍ഹി സ്വദേശിയുടേതാണ്. ഇയാളുടെ നില ഗുരുതരമാണ്.ഇയാള്‍ നോയിഡയിലെ ഒരു സ്‌കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ഇത് കൂടാതെ ഇയാള്‍ക്കൊപ്പം ആറോളം ബന്ധുക്കളും ഉണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ സന്ദര്‍ശിച്ച നോയിഡ സ്‌കൂള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നുള്ള 40 ഓളം കുട്ടികളെ മാറ്റി പാര്‍പ്പിച്ചു. നേരത്തെ രാജസ്ഥാനില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി, നോയിഡ, തെലങ്കാന സ്വദേശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കൊറോണ വൈറസ് ബാധയെ നേരിടുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “കൊവിഡ് -19 നോവൽ കൊറോണ വൈറസിനെക്കുറിച്ച് വിപുലമായ അവലോകനം നടത്തി. ഇന്ത്യയിലെത്തുന്നവരെ പരിശോധിക്കുന്നത് മുതൽ വൈദ്യസഹായം നൽകുന്നത് വരെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.