പ്രവാസിഎക്സ്പ്രസ്സ്‌ 2013 പുരസ്കാരങ്ങള്‍ സമ്മാനിച്ചു

0

ഇന്നലെ സിംഗപ്പൂരില്‍  നടന്ന പ്രവാസി എക്സ്പ്രസ്സ്‌ നൈറ്റ് 2013 ചടങ്ങിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്‌. പ്രവാസി എക്സ്പ്രസ്സ് ലൈഫ്‌ ടൈം അച്ചീവ്മെന്റിനുള്ള പ്രഥമ അവാര്‍ഡിന് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാനന്ദന്‍ അര്‍ഹനായി. സിംഗപ്പൂര്‍  ബുക്കിത്‌ മേരാ സ്പ്രിംഗ് ആഡിറ്റോറിയത്തില്‍ നടന്ന പ്രവാസി എക്സ്പ്രസ്സ് നൈറ്റ്‌ 2013 ല്‍ അവാര്‍ഡ്‌ നല്‍കാനിരിക്കുകയായിരുന്നു.  എന്നാല്‍ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന്‍ അദ്ദേഹത്തിന് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഈ അവാര്‍ഡ്‌ പിന്നീട് തിരുവനന്തപുരത്ത് നല്‍കുന്നതായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് പുരസ്കാരം, സിങ്കപ്പൂര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ പി കെ കോശിക്കും, ബിസ്സിനസ് എക്സലന്‍സ് പുരസ്കാരം ശ്രീ ടോണി വിന്‍സെന്റിനും(ആറാട്ട്‌ ബില്‍ഡേര്‍സ്) സമ്മാനിച്ചു. മലയാളീരത്ന പുരസ്കാത്തിനു  ശ്രീ തന്‍ ശ്രീ ദത്തുക് കെ രവീന്ദ്രമേനോന്‍ (സുബാങ്ങ് സ്കൈപാര്‍ക്ക്) അര്‍ഹനായി.

മലയാള സാഹിത്യത്തിനു നല്കിയ സംഭാവനകളെ മാനിച്ചു, പ്രശസ്തകവിയും ഗാനരചയിതാവുമായ ശ്രീ അനില്‍ പനച്ചൂരാനു പ്രവാസി എക്സ്പ്രസ്സ്‌ സാഹിത്യ പുരസ്കാരം നല്കി ആദരിച്ചു. പുതുതലമുറയിലെ പ്രശസ്ത യുവനടന്‍ ഉണ്ണിമുകുന്ദന്‍ യൂത്ത് ഐക്കണ്‍  പുരസ്കാരം ഏറ്റുവാങ്ങി. യുവപ്രവാസി പ്രസ്കാരത്തിന് മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി ശ്യാം പ്രഭാകരനും, യങ്ങ് എന്റര്‍പ്രെനര്‍ പുരസ്കാരത്തിനു  ശ്രീ അജിത്‌ കുമാറും (സിംഗപ്പൂര്‍ കൊളീസിയം), റൈസിംഗ് സ്റ്റാര്‍ അവാര്‍ഡിന് യുവ ഫുട്ബോള്‍ പ്ലെയര്‍ വിശാല്‍ തനിയത് എന്നിവരും ആര്‍ഹരായി.

സ്വാതന്ത്ര്യ സമര സേനാനിയും, മാതൃഭൂമി സ്ഥാപകപത്രാധിപരായ കെ.പി കേശവമേനോന്റെ മകനും പാലക്കാട് വലിയരാജാവും മുതിര്‍ന്ന സിംഗപ്പൂര്‍ മലയാളിയുമായ ശ്രീ. ശേഖരീവര്‍മയെയും (നൂറ്റി മൂന്ന് വയസ്സ്) , സിംഗപ്പൂരിലെ മുന്‍കാല ട്രേഡ്‌യൂണിയന്‍ നേതാവും, പീപ്പിള്‍സ് ആക്ഷന്‍ പാര്‍ടിയുടെ സ്ഥാപക നേതാവുമായ ഡാറ്റോ ഡൊമിനിക്‌ പുതുച്ചേരിയെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.

അവാര്‍ഡുകള്‍ സിംഗപ്പൂര്‍ അംബാസഡര്‍-അറ്റ്‌-ലാര്‍ജ് ഗോപിനാഥ പിള്ള, മലയാളിയായ  സിംഗപൂര്‍ പാര്‍ലമെന്റ് അംഗം ഡോ. ജാനില്‍ പുതുച്ചേരി തുടങ്ങിയവര്‍ വിതരണം ചെയ്തു. പ്രശസ്ത കവി എം കെ ഭാസി, പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ് കുമാര്‍, ജനറല്‍ മാനേജര്‍ എആര്‍ ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രസ്തുത ചടങ്ങില്‍ സിംഗപൂരിലെ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനവും നടന്നു. വെണ്മണി ബിമല്‍ രാജിന്റെ കവിതാ സമാഹാരം -ദേവമേഘങ്ങള്‍, മെട്രിസ് ഫിലിപ്പിന്‍റെ ലേഖനസമാഹാരം "നാടും മറുനാടും" സത്യന്‍ പൂക്കൂട്ടത്തിന്‍റെ മഴസ്മൃതികള്‍ "ഒരു മഴക്കാലത്തിലൂടെ" എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്.

ചടങ്ങില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം ഡോ.വി.പി. നായര്‍ വിതരണം ചെയ്തു.

പ്രവാസി എക്സ്പ്രസ് സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച  ഓസ്ട്രേലിയന്‍ മലയാളി ജോസ്. എം. ജോര്‍ജ്ജിനും ചടങ്ങില്‍ സമ്മാനം നല്‍കി.

തുടര്‍ന്ന്, പ്രശസ്ത പിന്നണി ഗായകരായ അനൂപ്‌ ശങ്കര്‍, സംഗീത പ്രഭു, വയലിനിസ്റ്റ് ശബരീഷ്, എന്നിവരുടെ സംഗീത നിശയും, ശ്രീമതി.ഗോപിക വര്‍മയുടെ മോഹിനിയാട്ടവും, സിംഗപ്പൂരിലെ മലയാളി പ്രതിഭാകലുടെ കലാവിരുന്നും പ്രവാസി എക്സ്പ്രസ് നൈറ്റിന് മാറ്റ് കൂട്ടി.