ദമ്മാമില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0

വിദേശത്ത് മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചു. ദമ്മാമില്‍നിന്നുള്ള മൂന്നു മലയാളികളുടെ മൃതദ്ദേഹങ്ങളാണ് എത്തിച്ചത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ദമ്മാമില്‍ നിന്ന് മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത്. നാലു മാസം മുന്‍പ് മരിച്ച മലയാളിയുടെ മൃതദ്ദേഹം ഉള്‍പ്പെടെയാണ് ഇന്ന് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. പട്ടാമ്പി, പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണന്‍, പാലക്കാട് കേരളശ്ശേരി സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുട മൃതദേങ്ങളാണ് എമിറേറ്റസ് വിമാനത്തില്‍ നാട്ടിലെത്തിച്ചത്.

ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 28 നു ദമ്മാമില്‍ മരിച്ച ബാലകൃഷ്ണന്റെ മൃതദ്ദേഹം നാട്ടിലേക്കയക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കിയത്. തുടര്‍ന്ന് ഏപ്രില്‍ 7 ന് എമിറേറ്റ്സിന്റെ കാര്‍ഗോ വിമാനത്തില്‍ മൃതദ്ദേഹം നാട്ടിലേക്കു കൊണ്ടുപോകാനായി എംബാം ചെയ്തെങ്കിലും വിമാനം റദ്ദു ചെയ്തതിനാല്‍ നാട്ടില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൃതദേഹം വീണ്ടും മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ആശുപത്രി മോര്‍ച്ചറികളിലായി ഏഴിലധികം മലയാളികളുടേതടക്കം ഇരുപതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.