ഡല്‍ഹി സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ!

0

 

ഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗത്തിലെ പ്രതികള്‍ക്ക് സാകേത് അതിവേഗ കോടതി വധശിക്ഷ വിധിച്ചു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ മാരകമായി ഉപദ്രവിച്ച് കൊന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്. ബലാത്സംഗം, കൊലപാതകം എന്നിവയ്ക്കുപുറമേ പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകശ്രമം, അസ്വാഭാവിക നടപടികള്‍, കവര്‍ച്ച, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു രാജ്യം ഉറ്റുനോക്കി കൊണ്ടിരുന്ന ഒരു വിധിയായിരുന്നുവിത്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

അക്ഷയ്, പബന്‍ മുകേഷ്, വിനയ് എന്നിവര്‍ക്കാണ് കോടതി വധശിക്ഷ നല്‍കിയിരിക്കുന്നത്. അത്യപൂര്‍വ്വമായ സംഭവമാണിതെന്ന നിഗമനത്തിലാണ് കോടതിയെത്തിയത്. സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അതീവ ഗൌരവമായി കാണണമെന്ന് കോടതി പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിനോടും കോടതിയോടും നന്ദിയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോടതിയ്ക്ക് പുറത്ത് വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയിലെ ബസില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്‌ത പ്രതികള്‍. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി ബസിന് പുറത്തേക്ക് എറിയുകയും ചെയ്‌തു. കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തേ മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. നാല് പ്രതികള്‍ക്കും പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.