റാങ്കിംഗ് & ഗ്രേഡിംഗ് സിസ്റ്റം ഇനി ഇന്ത്യന്‍ റെയില്‍വേയിലും..

0

ഭക്ഷണം, ശുചിത്വം, സുരക്ഷ  തുടങ്ങിയവയില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനം ഉറപ്പാക്കാന്‍, സോണ്‍ തലത്തിലും ഡിവിഷന്‍ തലത്തിലും റാങ്കിംഗ് സിസ്റ്റം തുടങ്ങാന്‍  ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. യാത്രക്കാരില്‍ നിന്നും ശേഖരിക്കുന്ന അഭിപ്രായങ്ങള്‍, മെസ്സേജുകള്‍, ഇന്ററാക് റ്റിവ് വോയ്സ് റിക്കോര്‍ഡിംഗ് സിസ്റ്റം എന്നിവയില്‍ക്കൂടിയായിരിക്കും റാങ്കിംഗ് നടപ്പാക്കുക.

റാങ്കിംഗില്‍ താഴെ വരുന്ന സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും ആദ്യം നോട്ടിസ് നല്‍കുന്നതായിരിക്കും. കൂടാതെ, വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും. ട്രെയിനില്‍ നല്‍കിവന്നിരുന്ന ഭക്ഷണത്തിന്റെ ഗുണമില്ലായ്മയെപ്പറ്റിയുള്ള കുറെ നാളത്തെ പാരാതികള്‍ക്ക്ശേഷം, റെയില്‍വേ, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ്‌ ടൂറിസം കോര്‍പറേഷനു (IRCTC) മായുള്ള കരാര്‍ 2010 ല്‍ റദ്ദാക്കി  യിരുന്നു. അതിനുശേഷം ഒരുകൂട്ടം കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് അതിനുള്ള അനുമതി നല്‍കിയെങ്കിലും ഭക്ഷണത്തിന്റെ ഗുണത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

കഴിഞ്ഞ റെയില്‍വേബജറ്റില്‍, ശുചിത്വത്തിന്റെ കാര്യങ്ങള്‍ക്കായി നാല്‍പ്പതുശതമാനം തുക കൂടുതല്‍ നീക്കിവെച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുകയും, അവ തെളിയിക്കപ്പെടുകയും ചെയ്‌താല്‍, മുഖം നോക്കാതെ കനത്ത നടപടികള്‍ ഉണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ ഓഫീസില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.