കൈദി കിച്ചണ്‍ – ജയില്‍ മാതൃകയിലൊരു റസ്റ്റൊറന്‍റ്

0

പഴയ കാലം പോലെയല്ല ജയിലുകള്‍ക്കുള്ളില്‍ ഇപ്പോള്‍ നല്ല സുഖമാണെന്നാണ് കേള്‍ക്കുന്നത്. എങ്കില്‍ അതൊന്നറിയാന്‍ കുറ്റം ചെയ്യാന്‍ ആരെങ്കിലും പുറപ്പെടുമോ? എങ്കിലിതാ ഒരു തെറ്റും ചെയ്യാതെ തന്നെ നിങ്ങള്‍ക്കും സാധ്യമാക്കുന്നു, പോപ്പീസ് ഹോട്ടല്‍ അങ്ങിനെയൊരു അന്തരീക്ഷം. ഇത് പക്ഷെ ജയിലല്ല, ജയിലിന്‍റെ മാതൃകയിലുള്ള റസ്റ്റൊറന്‍റ് ആണെന്ന് മാത്രം, 'കൈദി കിച്ചണ്‍'. ജയിലിന്‍റെ മാതൃകയിലുള്ള ഈ റസ്റ്റൊറന്‍റ് ചെന്നൈയിലാണ് ആരംഭിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ ജയില്‍ എന്നെഴുതിയ ബോര്‍ഡിനോട് സാദൃശ്യം തോന്നിക്കുന്ന തരത്തില്‍ 'കൈദി കിച്ചണ്‍' എന്നെഴുതിയ ബോര്‍ഡും, കവാടവും ആണ് ഭക്ഷണം കഴിക്കാനെത്തുന്നവരെ ആദ്യം വരവേല്‍ക്കുക. ഇടനാഴിയിലൂടെ ഹോട്ടലിലേക്ക് കയറുമ്പോള്‍ കാണുന്നത് സെല്ലുകളും, സെല്ലിലെ അഴികളില്‍ നിറയെ തൂങ്ങി കിടക്കുന്ന വിലങ്ങുകളും ആണ്. ജയിലിന്‍റെ അന്തരീക്ഷം കൊണ്ടുവരാനായി ഓരോയിടത്തും അലൂമിനിയം പാത്രങ്ങളും ഗ്ലാസ്സുകളും നിരത്തി വച്ചിരിക്കുന്നു. കുറ്റവാളികളുടെ വസ്ത്രമാണ് ഹോട്ടല്‍ പരിചാരകര്‍ ധരിക്കുന്നത്. അതേ സമയം പോലീസ് യൂണിഫോം ആണ് മാനേജര്‍ ധരിക്കുന്നത്. ഭയമുളവാക്കുന്ന അന്തരീക്ഷം, എങ്കില്‍ തന്നെയും വളരെ വൃത്തിയുള്ളതും ഭക്ഷണത്തിന്‍റെ നറും മനം നിറഞ്ഞു നില്‍ക്കുന്നതുമാണ് കൈദി കിച്ചണ്‍.

പോലീസ് വസ്ത്രധാരി നിങ്ങള്‍ക്ക് വേണ്ട വിഭവങ്ങള്‍ എഴുതിയെടുത്തു കൊണ്ടുപോയാല്‍ വെല്‍ക്കം ഡ്രിങ്ക് ആയ നീര്‍ മോരും, അതിനൊപ്പം ഇഞ്ചിയും, കരുപ്പട്ടിയും, പുളിയും ചേര്‍ത്തുണ്ടാക്കിയ ഇഞ്ചി കരുപ്പട്ടി പാനകവുമായി വിളമ്പുകാരന്‍ നിങ്ങള്‍ക്കരികില്‍ എത്തും. കൈദി കിച്ചണ് മെനു, തനിമ നിറഞ്ഞ കൊതിയൂറും നാടന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം, നോര്‍ത്ത് ഇന്ത്യന്‍, ഇറ്റാലിയന്‍, മെക്സിക്കന്‍, ചൈനീസ്, തായ് വിഭവങ്ങളും നിറഞ്ഞതാണ്.

"തീം അടിസ്ഥാനമാക്കിയുള്ള ഹോട്ടല്‍ സാധാരണമല്ലാതല്ല എങ്കിലും വ്യത്യസ്ഥമായ ഫുഡ് ഫെസ്റ്റിവലുകള്‍ വയ്ക്കാനും അതിനനുസരിച്ച വിഭവങ്ങള്‍ ഒരുക്കാനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്".പോപീസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് വൈസ് പ്രസിഡന്‍റ് വി അരുള്‍ മുരുകന്‍ പറഞ്ഞു.

ഇവിടെ ഭക്ഷണം കഴിക്കുന്നത് കൂടാതെ ഫോട്ടോ എടുക്കാനും ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്, കുട്ടികള്‍ക്ക് സെല്ലുകള്‍ക്കുള്ളില്‍ ഹൈഡ് ആന്‍ഡ് സീക്ക് കളിക്കാനും!.

ചെന്നൈ മൈലാപൂരില്‍ സ്ഥിതി ചെയ്യുന്ന കൈദി കിച്ചണില്‍ ഒരാള്‍ക്കുള്ള ഊണിനു 500 രൂപയാണ്, കുട്ടികള്‍ക്ക് 400 രൂപയും. സ്വാദിഷ്ടകരമായ വിഭവങ്ങള്‍ ഉള്ള, പുതുമകള്‍ നിറഞ്ഞൊരു ഹോട്ടല്‍, എന്നതിലുപരി നല്ലൊരു അനുഭവം കൂടെയാണ് കൈദി കിച്ചണ്‍ നല്‍കുന്നത്.