സില്‍ക്ക്‌ എയര്‍ ,എയര്‍ ഏഷ്യ കോഴിക്കോട്‌ സര്‍വീസ്‌ ഈ വര്‍ഷം മുതല്‍

0

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ മൂന്ന് വിദേശ എയര്‍ലൈന്‍സുകള്‍ അനുമതി തേടി. എയര്‍ ഏഷ്യ, സില്‍ക്ക് എയര്‍, കുവൈത്ത് എയര്‍വേയ്സ് എന്നിവയാണ് വ്യോമയാന ഡയറക്ടര്‍ ജനറലിന് അപേക്ഷ നല്‍കിയത്. എയര്‍ ഏഷ്യ, കുവൈത്ത് എയര്‍വേയ്സ് അധികൃതര്‍ പ്രാഥമികചര്‍ച്ച പൂര്‍ത്തിയാക്കി. ആഗസ്റ്റിന് മുമ്പ് സര്‍വീസ് ആരംഭിക്കാനാണ് നീക്കം. വിമാനങ്ങള്‍ക്ക് ‘സ്ളോട്ട്’ ലഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് മൂന്ന് കമ്പനികളും അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍വീസിന്‍റെ  സമയക്രമം അതോറിറ്റിയുമായി ആലോചിച്ച് തീരുമാനിക്കും.

എയര്‍ ഏഷ്യ കൊലാലംപൂരിലേക്കും ,സില്‍ക്ക്‌ എയര്‍ സിംഗപ്പൂരിലേക്കും സര്‍വീസ്‌ നടത്താനാണ് നീക്കം.ആഴ്ചയില്‍ രണ്ട്  മുതല്‍ നാലുവരെ സര്‍വീസ്‌ നടത്തി  ഈ റൂട്ടുകളുടെ വിജയസാധ്യത പഠിക്കുവാനാണ് എയര്‍ലൈനുകളുടെ പ്രാഥമിക ലക്ഷ്യം .നിലവില്‍ ഈ രാജ്യങ്ങളിലേക്ക് കോഴിക്കോട് നിന്ന് സര്‍വീസുകള്‍ ഒന്നും തന്നെ ഇല്ല എന്നത് കൊണ്ട് തന്നെ ഈ റൂട്ടിലെ സര്‍വീസ്‌ വിജയിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്ക് കൂട്ടല്‍ .നിലവില്‍ ഈ സെക്റ്ററിലേക്ക് യാത്ര ചെയ്യാന്‍ കൊച്ചി എയര്‍പോര്‍ട്ടാണ് ഈ മേഖലയിലെ പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നത് .