അനുഭൂതിയായ്‌ കാവ്യസന്ധ്യ

0
കവി ചെമ്മനം ചാക്കോ, കാവ്യസന്ധ്യയില്‍.. സമീപം കല പ്രസിഡന്‍റ് ഐസക് വര്‍ഗീസ്.

 

സിംഗപ്പൂര്‍: കേരള ആര്‍ട്സ്‌ ലവേഴ്സ് അസോസിയേഷ (കല) ന്‍റെ ഒന്നാമത് വാര്‍ഷികം കാവ്യസന്ധ്യയുടെ നിറവില്‍ ആഘോഷിക്കപ്പെട്ടു. ഒക്ടോബര്‍ 24ന് വൈകിട്ട് 7മണിക്ക് നീ സൂണ്‍ സൗത്ത്‌ കമ്മ്യുണിറ്റി ക്ലബ്‌ തീയറ്ററില്‍ നടത്തപ്പെട്ട വാര്‍ഷികയോഗത്തില്‍ പ്രശസ്ത മലയാള കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ.ചെമ്മനം ചാക്കോ മുഖ്യാതിഥി ആയിരുന്നു. കൂടാതെ സിംഗപ്പൂര്‍ മലയാളം ലാംഗ്വേജ് എഡ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ ശ്രീ.ജയദേവന്‍ ഉണ്ണിത്താന്‍, സെക്രട്ടറി ശ്യാം പ്രഭാകരന്‍,  പ്രവാസി എക്സ്പ്രസ് ചീഫ്‌ എഡിറ്റര്‍ ശ്രീ.രാജേഷ്കുമാര്‍, ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ (സിംഗപ്പൂര്‍ ചാപ്റ്റര്‍) പ്രതിനിധി ശ്രീ.സാം തോമസ്‌, നീ സൂണ്‍ സൗത്ത്‌ IAEC  വൈസ്‌ ചെയര്‍മാന്‍ ശ്രീമതി.കുമുദം എന്നിവര്‍ സന്നിഹിതരായിരുന്നു.

സിംഗപ്പൂരിലെ യുവ കവികളായ വെണ്മണി ബിമല്‍ രാജ്, പനയം ലിജു, അനിഴം അജി, എം.കെ.വി.രാജേഷ്‌ എന്നിവര്‍ സ്വന്തമായെഴുതി ചിട്ടപ്പെടുത്തിയ കവിതകളും സത്യന്‍ പൂക്കുട്ടത്, നിയാസ്‌ ബാബു എന്നിവര്‍ മറ്റ് പ്രശസ്ത മലയാളം കവിതകളും ഉദ്ധരിച്ചു.

നവ രസങ്ങളില്‍ ഹാസ്യ രസത്തിന് ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാനും സാമൂഹിക പ്രശ്നങ്ങള്‍ സംവേദിക്കാനും കഴിയുമെന്ന് മലയാള കവിതാ ശാഖയില്‍ വിമര്‍ശന ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത കവിതകളിലൂടെ പ്രസിദ്ധനായ ശ്രീ.ചെമ്മനം ചാക്കോയുടെ നര്‍മ്മരസമായ പ്രഭാഷണത്തിലൂടെ സമര്‍ത്ഥിക്കുകയുണ്ടായി. എഴുതുന്ന കവിതകളില്‍ സമൂഹത്തിനു നല്‍കുന്ന ഒരു സന്ദേശം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണമെന്നും അങ്ങനെയുള്ള കവിതാരചനകളിലൂടെ ഒരു സാമൂഹ്യ പ്രവര്‍ത്തനം ചെയ്യാനും ഭാരതത്തെ വികസിത രാഷ്ട്രങ്ങളുടെ ശ്രേണിയിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്ന് ഇവിടെയുള്ള കവികളെ അഭിനന്ദിക്കുന്നതിനോടൊപ്പം  അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇതുപോലെയുള്ള കാവ്യ സംഗമങ്ങള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും സംഘടിപ്പിക്കുന്നത് വളര്‍ന്നുവരുന്ന കവികള്‍ക്കും സാഹിത്യകാര്‍ക്കും പ്രോത്സാഹനവും പ്രചോദനവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
യോഗത്തില്‍ കല പ്രസിഡന്‍റ് ശ്രീ.ഐസക്‌ വര്‍ഗ്ഗീസ്‌ അധ്യക്ഷനായിരുന്നു. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ തങ്ങളുടെ കഴിവുകള്‍ പൊതുജന സമക്ഷം കൊണ്ടുവരാനുള്ള ഒരു വേദിയൊരുക്കുക എന്നതാണ് കലയുടെ പ്രവര്‍ത്തന ലക്ഷ്യമെന്നും ഇനിയും ഇത്തരത്തിലുള്ള കലാവേദികള്‍ സംഘടിപ്പിക്കാനും കല പ്രതിജ്ഞാബദ്ധരാണെന്നും അധ്യക്ഷപ്രസംഗത്തില്‍ ശ്രീ.ഐസക്‌ വര്‍ഗ്ഗീസ്‌ പറഞ്ഞു. കല സെക്രട്ടറി ശ്രീകാന്ത്‌ മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കലയുടെ അംഗമായ ശ്രീ.അനൂപ്‌ ജോയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മൌനം ആചരിച്ചു യോഗം സ്മരണാഞ്ജലി അര്‍പ്പിച്ചു.

Watch highlights of Kavyasandhya 2012

Video: Praveen Kurian