എയര്‍ ഇന്ത്യ എക്സ്പ്രസ് അടിമുടി പരിഷ്കരിച്ചേക്കും

0

കോഴിക്കോട് : പ്രവാസികളുടെ നിരന്തര പ്രതിഷേധത്തിനോടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ മാനേജ്‌മന്റ്‌ പദ്ധതിയിടുന്നു. കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മലയാളിവല്‍ക്കരിക്കുന്നതാണ് ആദ്യപടി. കേരളഭക്ഷണത്തിന്റെ വിതരണവും മലയാളം സംസാരിക്കുന്ന മലയാളി ജീവനക്കാരുടെ നിയമനവും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

നാല് കേരളീയ വിഭവങ്ങളും ചോറും അടങ്ങുന്ന സദ്യ ആയിരിക്കും ജനുവരി ഒന്നു മുതല്‍ യാത്രക്കാര്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുക. ദോശ, കടല, നൂലപ്പം, പുട്ട്, ഇടിയപ്പം തുടങ്ങിയവയില്‍ ഏതെങ്കിലും ആയിരിക്കും പ്രഭാതഭക്ഷണം.തലശ്ശേരി ബിരിയാണിയും കല്ലുമ്മക്കായ തുടങ്ങിയ വിഭവങ്ങളും അടങ്ങിയ മലബാര്‍ സ്പെഷ്യല്‍ ഭക്ഷണവും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ മുന്‍പ് വിതരണം ചെയ്തിരുന്ന മലബാര്‍ ഭക്ഷണം പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോള്‍ വിദേശവിഭവങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ നല്‍കി കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ പ്രധാനപരാതികളില്‍ ഒന്നായ ഭക്ഷണ പ്രശ്നം, വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം കൂടി ഉറപ്പു വരുത്തിയാല്‍ , ഇതോടെ പരിഹരിക്കപ്പെട്ടെക്കും.

ഭക്ഷണ പരിഷ്കാരത്തോടൊപ്പം മലയാളം സംസാരിക്കുന്ന ജീവനക്കാരെയും കാബിന്‍ ക്രൂ ആയി ഉള്‍പ്പെടുത്താന്‍ മാനേജ്‌മന്റ്‌ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മലയാളികളായ ജീവനക്കാര്‍ പോലും വിമാനത്തില്‍ കയറിയാല്‍ മലയാളം സംസാരിക്കാറില്ല എന്ന യാത്രക്കാരുടെ പരാതിയെ മാനിച്ചാണ് പുതിയ മാറ്റങ്ങള്‍. മലയാളം മാത്രം അറിയാവുന്ന യാത്രക്കാരെ സഹായിക്കാന്‍ കേരളത്തില്‍ നിന്നും കേരളത്തിലെക്കും ഉള്ള എല്ലാ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങളിലും ഒരു ജീവനകാരനെങ്കിലും മലയാളം സംസാരിക്കാന്‍ അറിയാവുന്ന ആളായിരിക്കണം എന്നാണ് നടപ്പില്‍ വരുത്താനിരിക്കുന്ന പുതിയ നിബന്ധന. ഒരു യാത്രക്കാരന് മലയാളം മാത്രമേ അറിയാവൂ എങ്കില്‍ അത് ബോര്‍ഡിംഗ് പാസ്സില്‍ രേഖപ്പെടുത്താനും സൌകര്യമൊരുക്കും.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം വരും വര്ഷം ആദ്യത്തോടെ പൂര്‍ണമായും കൊച്ചിയിലേക്ക് മാറ്റാനും കൊച്ചി, മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും മാനേജ്‌മന്റ്‌ പദ്ധതിയിടുന്നുണ്ട്. ഈ പരിഷ്കാരങ്ങള്‍ കാര്യക്ഷമായി നടപ്പിലാക്കാന്‍ സാധിച്ചാല്‍ പ്രവാസികളുടെ യാത്രാദുരിതത്തിന് പൂര്‍ണവിരാമമിടാനുള്ള പ്രഥമ ചവിട്ടു പലകകള്‍ ആവും ഇവ എന്ന് പ്രവാസി സമൂഹം പ്രത്യാശിക്കുന്നു.