വ്രതശുദ്ധിയുടെ റമദാന്‍ കരീം

0

ശരീരത്തിനു മേല്‍ മന:ശക്തിയുടെ വിജയാഘോഷമായി ഒരു റമദാന്‍ കൂടി വരവായി. ശൗവ്വാലിന്‍റെ ചന്ദ്രിക തെളിയും വരെ ഇനി ലോക മുസ്ലിംങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെയും വ്രതശുദ്ധിയുടെയും മുപ്പതു ദിനരാത്രങ്ങള്‍. പള്ളിമിനാരങ്ങളും ഗൃഹങ്ങളുമിനി പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ കൊണ്ട് മുഖരിതമാകും.

വ്രതാനുഷ്ഠാനം റമദാനില്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക്  നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്ന ആചാരമാണ്. മാനസികവും ശാരീരികവുമായ ശുദ്ധിയാണു വ്രതം നിഷ്കര്‍ഷിക്കുന്നത്. ശരീരം ആഗ്രഹിക്കുന്നതെല്ലാം വേണ്ടന്നു വയ്ക്കലാണ് വ്രതം. സ്വന്തം മന:സാക്ഷിയോട് പുലര്‍ത്തേണ്ടുന്ന നീതിയാണത്. പ്രവാചകന്‍ ഇങ്ങനെ പറയുന്നു "മല്ല യുദ്ധത്തില്‍ ജയിക്കുന്നവനല്ല,  മറിച്ചു അവനവന്‍റെ ഇച്ഛാശക്തികളെ ജയിക്കുന്നവനാണ് യഥാര്‍ത്ഥ വിജയി".

ഭക്ഷണം ഉപേക്ഷിക്കുന്നതിലുപരി, റമദാന്‍ മനുഷ്യന്‍റെ ദിനചര്യയിലും മാറ്റങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. മിതമായ സംസാരം, പ്രാര്‍ത്ഥന, അലങ്കാരങ്ങളും സുഗന്ധ വസ്തുക്കളും ഉപേക്ഷിക്കുക തുടങ്ങിയ ആത്മനിയന്ത്രണത്തിന്‍റെ വേറിട്ട തലത്തിലേക്ക് മനുഷ്യനെ ഉയര്‍ത്തുവാന്‍ റമദാനു കഴിയുന്നു. ദാനധര്‍മ്മം ചെയ്യുക എന്നത് റമദാന്റെ കാതലായ സന്ദേശങ്ങളിലൊന്നാണ്. ഒരുവന്‍ അവന്‍റെ കഴിവിനൊത്ത് ദാനം ചെയ്യാന്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്നു. ഒരുവന്‍ അവന്‍റെ സമ്പാദ്യത്തിന്‍റെ രണ്ടര ശതമാനം ദാനം ചെയ്യുവാന്‍ നിഷ്കര്‍ഷിക്കുക വഴി,  ദാരിദ്രത്തെ തുടച്ചു നീക്കുവാനുള്ള മഹത്തായ ചുവടുവെയ്പ്പിലേക്കാണ് പരിശുദ്ധ റമദാന്‍ വിരല്‍ചൂണ്ടുന്നത്.

സാമൂഹിക സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശങ്ങളാണ് റമദാനെ ഒരു മതാനുഷ്ഠാനത്തിലുപരിയായ ഉന്നതിയിലെത്തിക്കുന്നത്. റമദാനിലെ രാവുകളിലെ ഇഫ്താറുകള്‍ ജാതിമതഭേതമന്യേ സ്നേഹം വിളമ്പുന്നത് അവയിലൊന്നു മാത്രമല്ലേ…

പ്രവാസികള്‍ക്ക് റമദാന്‍ ഗൃഹാതുരതയുടെ മധുരം കൂടി വിളമ്പുന്നു. ഓരോ പ്രവാസിയുടെയും മനസ്സില്‍ ഒരു നൂറോര്‍മ്മകള്‍ വീശുകയാണീ പുണ്യമാസം. മദ്രസയുടെ വരാന്തകളും,  തറാവീഹ് നമസ്കാരവും,  നോമ്പ് കഞ്ഞിയും മധുരം കിനിയുന്ന നൊമ്പരങ്ങളാകുന്നു. സിംഗപ്പൂര്‍ വാസികള്‍ക്ക് നോയമ്പ് തുറ സമയങ്ങളും,  നമസ്കാര സമയവും,  പ്രത്യേക അനുഷ്ഠാനങ്ങളുടെയും പ്രഭാഷണങ്ങളുടെയും വിവരങ്ങളറിയാന്‍ ചുവടെ കൊടുക്കുന്ന  ഈ ലിങ്ക് ഉപകരിക്കുമെന്ന് കരുതുന്നു.

http://www.muis.gov.sg/cms/view.aspx?id=526

റമദാന്‍ നിലാവ് മനുഷ്യമനസ്സുകളിലൂടെ പരന്നൊഴുകട്ടെ. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായെത്തുന്ന റമദാന്‍ വരവേല്‍ക്കാന്‍ പ്രാര്‍ത്ഥനാ മനസ്സുമായ് നില്‍ക്കുന്ന ഏവര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ റമദാന്‍ ആശംസകള്‍.