ദീപാവലി ദീപങ്ങള്‍ക്കൊപ്പം…

0

 

ഒരായിരം വിളക്കുകള്‍ കണ്ണ് ചിമ്മി ചിരിക്കുന്ന ഉത്സവമായി….നാടും നഗരവും ദീപക്കാഴ്ച ഒരുക്കി മധുരത്തിന്‍റെ നിറവും മണവും തയ്യാറാക്കി കാത്തിരുന്നത് ഈ നാളിനായി..  മുന്‍ വര്‍ഷത്തെക്കാള്‍ എന്തോ ഒരു പുതുമ ഈ ഉത്സവകാലത്തിനു ഉള്ള പോലെ തോന്നുന്നതായി വീട്ടമ്മമ്മാര്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആഘോഷം ആണ് പ്രധാനമായി അമ്മമാര്‍ ഇഷ്ടപെടുന്നത്. .  വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകള്‍ ആഗോള പ്രതിഭാസം ആയപോലെ എല്ലാ രാജ്യങ്ങളിലെയും ജനതയെ ബുദ്ധിമുട്ടിക്കുമ്പോള്‍, എക്കാലത്തെയും പോലെ അല്ലാതെ,  വില വര്‍ദ്ധന ജീവിതത്തിന്‍റെ ഒരു ഭാഗമാക്കി, അത് ആഘോഷങ്ങള്‍ക്ക്  മാറ്റ് കുറയ്ക്കാതിരിക്കാന്‍ വീട്ടമ്മമാര്‍ വഹിക്കുന്ന പങ്ക് ഈ അഭിപ്രായത്തെ തള്ളിക്കളയാനാകാത്തത് ആക്കുന്നു.

നഷ്ടമാകുന്ന സംസ്കൃതിയുടെ നിലനില്‍പ്പി നു വേണ്ടിയെങ്കിലും ഈ ആഘോഷങ്ങളും ആചാരങ്ങളും കൊണ്ടാടുക എന്ന വിചാരം  കുടുംബങ്ങളുടെ  സാമ്പത്തിക ശാസ്ത്രം പുനര്‍ നിര്‍വചിക്കുന്നു.. പേരിനു മാത്രം കൊണ്ടാടിയാല്‍ പോലും താളം തെറ്റുന്ന കുടുംബ ബജറ്റ്,  ധ്രുവങ്ങള്‍ കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന നിരവധി കുടുംബങ്ങളെ ചെറിയ ഒരു ആഘോഷത്തിന്‍റെ ചട്ടക്കൂട്ടില്‍ നിര്‍ത്തുന്നു ഈ സാഹചര്യം.

എങ്കിലും നാട് ഉണരുകയാണ്. വര്‍ണ്ണം  വാരി വിതറി വൈദ്യുത വെള്ളി വെളിച്ചത്തില്‍ കുളിച്ച് നഗര രാവുകള്‍ ഉണര്‍ന്നു  ചിരിച്ചു നില്‍ക്കുന്നു. തിരക്കിന്‍റെ ഞെരുക്കത്തില്‍ നടവഴികള്‍ പതിയെ മാത്രം നീങ്ങുമ്പോള്‍ വഴിയോരങ്ങള്‍ കച്ചവട തിരക്കിന്‍റെ രാത്രി കോലാഹലങ്ങളില്‍ വീര്‍പ്പു മുട്ടുന്നു.

സിംഗപ്പൂര്‍ ഫെറര്‍ റോഡ്‌,  ലിറ്റില്‍ ഇന്ത്യ എന്നിവിടങ്ങള്‍ തരക്കിന്‍റെ പാരമ്യത്തില്‍ ആണ്.  എക്കാലത്തെയും പോലെ മുസ്തഫ സെന്‍റ്റിനു എതിരെ നടക്കുന്ന ഇന്ത്യന്‍ ഫെയര്‍, പ്രദേശത്തെ പൂര പറമ്പിന് സമാനമായ പ്രതീതി നല്‍കുന്നു…  എല്ലാ ഇന്ത്യന്‍ തുണിത്തരങ്ങളും, പലഹാരങ്ങളും, മറ്റെല്ലാ സാധനങ്ങളും ഒരുക്കി നിരവധി സ്റ്റാളുകള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.. ഹെന്ന, മെഹന്ധി കലയുടെ നിരവധി സ്റ്റാളുകള്‍ തന്നെ ഉണ്ട്.
എല്ലാ കടകളും നിറയെ ഫ്രീ ഗിഫ്റ്റുകളും, വില കുറവും നല്‍കി ആഘോഷം പൊടിപൊടിക്കുകയാണ്. ശരിക്കും ഇന്ത്യയില്‍ എത്തിയ പ്രതീതിയാണിവിടെ…

സിംഗപ്പൂരിലെ നിരവധി ഇന്ത്യന്‍,തമിഴ്, മലേഷ്യ,നോര്‍ത്ത്  ഇന്ത്യന്‍, പഞ്ചാബി, ഗുജറാത്തി സംഘടനകള്‍ ഒറ്റക്കും, കൂട്ടായ്മയിലും ദീപാവലി ആഘോഷിക്കുന്നു…

ഇന്ത്യയില്‍ ഉള്ളിയാണ് ദീപാവലി താരം. വിലയില്‍  ചാമ്പ്യന്‍ ആയ താരം വേറിട്ട വ്യാപാര ഗമയില്‍ ഒന്നാമനായി വിപണിയെ കീഴടിക്കിയിരിക്കുന്നു. സ്വര്‍ണ്ണം പോലും വീട്ടമ്മമാര്‍ക്ക്  ഉള്ളിക്ക് താഴയേ ചര്‍ച്ച ആകുന്നുള്ളൂ എന്നതാണ് വാസ്തവം. വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും ഇക്കാര്യത്തില്‍ തുല്യരാണ്.

പലഹാര വിപണിയും വിലയുടെ നീരാളിപ്പിടുത്തത്തില്‍ തന്നെ. പടക്കവിപണി തമിഴ് നാട്ടില്‍ ചൈനക്കു തീറെഴുതിയപോലെ ആണ്. അതിനാല്‍ വില ആര്‍ക്കും  താങ്ങാനാവും. ആവശ്യം നോക്കി വാങ്ങിയാല്‍ മതി. വസ്ത്ര വിപണിയും സ്വര്‍ണ്ണ വിപണിയും നേട്ടം നോക്കി കാത്തിരിക്കുന്നു. ദീപാവലി മുന്നില്‍ കണ്ട് നിരവധി ഷോറൂമുകള്‍ തുറന്ന ബ്രാന്‍ഡുകള്‍ ഉണ്ട്.

ദീപം എരിയുകയാണ്. നെഞ്ചിലെ സാമ്പത്തിക സമവാക്യങ്ങള്‍ക്ക്  വെളിച്ചം നല്‍കി, സംകൃതി നിലനിര്‍ത്തി  ചെറിയതെങ്കിലും ഒരാഘോഷം ഓരോ വീട്ടിലും ഉണ്ടാകട്ടെ …അങ്ങനെ ഓരോ മുഖവും ചിരിയുടെ ദീപങ്ങളാല്‍ തെളിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും  ദീപാവലി ആശംസിക്കുന്നു…