ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ വിക്ഷേപിച്ചു..

0

ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം  മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചു..ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.38 ന് വിക്ഷേപിച്ചത്. ആദ്യഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ വെളിപ്പെടുത്തി. മംഗള്‍യാന്‍ ചൊവ്വയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഏഷ്യന്‍ രാജ്യമാകും ഇന്ത്യ.

40 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് പേടകം ചൊവ്വയിലെ ഭ്രമണപഥത്തില്‍ എത്താന്‍ മുന്നൂറോളം ദിവസങ്ങളാണെടുക്കുന്നത്.

ഒരു ഡസനോളം ശാസ്ത്രജ്ഞരാണ് ‘മംഗള്‍യാന്‍’ സ്പേസ് ക്രാഫ്റ്റ്‌  ബാംഗ്ലൂരിലുള്ള ഐഎസ്ആര്‍ഒ യുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും നിയന്ത്രിക്കുന്നത്.

ഐഎസ്ആര്‍ഒയുടെ പോര്‍ട്ട്‌ബ്ലെയര്‍, ഗ്യാലലു, ബ്രൂണെ എന്നീ കേന്ദ്രങ്ങളിലും ശാന്തസമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന നാളന്ദ, യമുന എന്നീ കപ്പലുകളിലുമാണ് സിഗ്‌നല്‍ റിസീവിംഗ് യൂണിറ്റുകള്‍ ഉള്ളത്.

യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിനുമുന്‍പ്‌ 2011-ല്‍ ചൈനയുടെയും 2003 –ല്‍ ജപ്പാന്‍-ന്‍റെയും ചൊവ്വ ദൌത്യങ്ങള്‍ പരാജയപ്പെട്ടിരുന്നു.

മംഗല്‍യാന്‍ എന്ന പേരിലുള്ള ചൊവ്വാ ദൌത്യം 15 മാസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത്‌.  റെക്കാര്‍ഡ് സമയത്തിനുള്ളിലാണ് ഐഎസ്ആര്‍ഒ ദൌത്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്‌..

പിഎസ്എല്‍വി.-സി25 റോക്കറ്റ് ആണ് മംഗള്‍യാന്‍ പേടകം വിക്ഷേപിച്ചത്‌. ഇതിനു മുന്‍പ് വിജയകരമായി ചന്ദ്രയാന്‍ വിക്ഷേപിച്ചതും പിഎസ്എല്‍വി റോക്കറ്റിലായിരുന്നു.

ചൊവ്വയിലെ അന്തരീക്ഷത്തിന്‍റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ് മംഗള്‍യാനിന്‍റെ കര്‍ത്തവ്യം. ചൊവ്വയിലെ മീഥെയ്ല്‍ വാതകത്തിന്‍റെ സാന്നിധ്യം അറിയാന്‍ മീഥെയ്ല്‍ മാപിനി പേടകത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം അറിയാന്‍ ഇത് നിര്‍ണ്ണായകമാകും.  കളര്‍ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ അത്യാധുനിക ക്യാമറുകളും പേടകത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

2012 –ല്‍ ആഗസ്റ്റില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി പര്യവേഷണം ഇപ്പോഴും തുടരുകയാണ്. മീഥെയ്ല്‍ വാതകത്തിന്‍റെ ചെറിയ അംശം ക്യൂരിയോസിറ്റി നടത്തിയ പഠനത്തില്‍ ലഭിച്ചെങ്കിലും ചൊവ്വയില്‍ ജീവന്‍റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ തക്കതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
 
മീഥെയ്ല്‍ വാതകത്തിന്‍റെ മേഘപാളികള്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ ടെലെസ്കൊപ്‌ വഴി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ദൌത്യവും ഇത് സ്ഥിരീകരിച്ചിട്ടില്ല.

റഷ്യയുടെയും അമേരിക്കയുടെയും പേടകങ്ങളേ അപേക്ഷിച്ച് വളരെ ചെറുതാണ് ഇന്ത്യയുടെ മംഗള്‍യാന്‍ പേടകം. 1,350 കിലോഗ്രാമാണ് ഇതിന്‍റെ  ഭാരം. നേരിട്ട് പറക്കാന്‍ കഴിവില്ലാത്ത പേടകം, ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു മാസത്തോളം ചുറ്റിയാണ് ചൊവ്വയിലേക്കുള്ള സഞ്ചാരത്തിനുള്ള  ചലനവേഗത പ്രാപ്യമാക്കുക.. 2014 സപ്തംബര്‍ ഇരുപത്തിനാലോടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ചൊവ്വാദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് നാഴികക്കല്ലാവും അത്. മംഗള്‍യാന്‍ വിജയം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ഇന്ത്യന്‍ ശാസ്ത്രകുതുകികളും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.