ഒ.എന്‍വി കുറുപ്പിന് സതീര്‍ത്ഥ്യന്‍റെ ശ്രദ്ധാഞ്ജലി: എം.കെ ഭാസിയുടെ കവിത ‘വാഗ്ദത്തഭൂമി’

0

വിട പറഞ്ഞ മലയാളത്തിന്‍റെ പ്രിയ കവി ഒ.എന്‍വി കുറുപ്പിന്, അദ്ദേഹത്തിന്‍റെ സഹപാഠിയും, ചിരകാല മിത്രവുമായ  കവി എം.കെ ഭാസിയുടെ ശ്രദ്ധാഞ്ജലി. "വാഗ്ദത്തഭൂമി" ഒഎന്‍വിയുടെ ഓര്‍മ്മയ്ക്കായി….

വാഗ്ദത്തഭൂമി
(ഒ എന്‍ വി ക്ക്‌)

വിഗ്രഹ ഭഞ്ജകന്മാരുമൊത്തീവഴി
എത്രയോ നാളുകള്‍ പോയി

തച്ചുടയ് ക്കുന്നൊരീ തത്വ ശാസ്ത്രത്തിന്റെ
തത്വ പ്രചാരകനായി

പുതിയോരുഷസ്സിന്റെ രഥചക്രമുരുളേണ്ട
വഴികളൊരുക്കുവാനായി

ഉരുകുന്നമധ്യാഹ്നവെയിലിലിത്തെരുവില്‍ നീ
സിരകളിലഗ്നിയുമായി.

മൊട്ടയടിച്ചൊരീക്കാടുകള്‍,തോടുകള്‍,
വറ്റി വരൊണ്ടൊരീപ്പാഴ്‌നിലങ്ങള്‍,

പൊട്ടി വിടരാന്‍ മറന്ന പൂമൊട്ടുകള്‍
ഞെട്ടറ്റു വീണൊരീത്താഴ്‌വരകള്‍,

നീറിപ്പുകയുമീക്കുന്നുകള്‍ നോക്കിയീ
ശൂന്യതയിങ്കല്‍ വന്നിന്നു നില്‍ക്കേ

വന്ധ്യമീ മണ്ണിന്റെ ദുഃഖവും പേറി നീ
എന്തിനോ ചോദിച്ചു വീണ്ടുംഃ

എവിടെയാ സൗവര്‍ണ്ണഭൂമി? സഖാക്കളേ!
എവിടെയാ വാഗ്ദത്ത ഭൂമി? •

– എം കെ ഭാസി