വിന്‍ഡോസ്‌ 10 – മുഖം മിനുക്കി മൈക്രോസോഫ്ട്‌

0

എങ്ങോട്ട് തിരിഞ്ഞാലും വിന്‍ഡോസ്‌ 10; കുറ്റവും കുറവുകളും നിരത്താന്‍ മത്സരിക്കുന്നതിനിടെ നല്ല വാര്‍ത്തകളും കേള്‍ക്കുന്നു. അടിമുടി പരിഷ്കരിച്ചു എന്ന് പറയാന്‍ മാത്രം ഇല്ലെങ്കിലും, മാറ്റങ്ങള്‍ ഒരു പാടുണ്ട് പുതിയ വിന്‍ഡോസ്‌ പതിപ്പില്‍. പഴയ പതിപ്പിലെ അപാകതകള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ മൈക്രോസോഫ്ട്‌ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊതുവായി കണ്ടുവരുന്ന സ്വീകാര്യത.

പുതിയ പതിപ്പില്‍ എന്തൊക്കെ ?

വിന്‍ഡോസ്‌ 10 വെറുമൊരു ഡെസ്ക്ടോപ്പ് പതിപ്പല്ല

ഡെസ്ക്ടോപ്പിന് പുറമേ മൊബൈല്‍, ടാബ്ലെറ്റ് ഉപകരണങ്ങളില്‍ കൂടി ഒരേ പോലെ ഉപയോഗിക്കാവുന്ന വിധത്തിലാണ് പുതിയ പതിപ്പ്. ഉപഭോക്താക്കള്‍ എല്ലാ മൊബൈല്‍ ഉപകരങ്ങളിലും വിന്‍ഡോസ്‌ 10 നെ സ്വാഗതം ചെയ്യുമെന്ന് മൈക്രോസോഫ്ട്‌ പ്രതീക്ഷിക്കുന്നു. ഇത് അപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളെയും കൂടുതല്‍ ആകര്‍ഷിക്കുന്നു.

അതാ നമ്മുടെ സ്റ്റാര്‍ട്ട്‌ മെനു വീണ്ടും

വിന്‍ഡോസ്‌ എന്ന് പറയുമ്പോള്‍ തന്നെ നമ്മള്‍ തുടങ്ങുന്നത് "സ്റ്റാര്‍ട്ട്‌ മെനുവില്‍ ക്ലിക്ക് ചെയ്താണ്". വിന്‍ഡോസ്‌ 8 ഇല്‍ അനാവശ്യമായി നടത്തിയ മെനു എടുത്തു കളയല്‍ പരീക്ഷണം മൈക്രോസോഫ്ടിന് ഒരു പാട് പേരുദോഷം കേള്‍പ്പിച്ചു. 8.1 പതിപ്പില്‍ ഇത് പുനസ്ഥാപിച്ചെങ്കിലും ഉപയോഗ്താക്കളുടെ ദേഷ്യം മാറ്റാന്‍ കഴിഞ്ഞില്ല. ഇത്തവണ വിന്‍ഡോസ്‌ 10 വന്നിരിക്കുന്നത് മനോരഹരമായ സ്റ്റാര്‍ട്ട്‌ മെനു ഉള്‍പ്പെടെയാണ്. പരമ്പരാഗത ,മെനുവിനു പുറമേ അപ്ലിക്കേഷന്‍ ലിസ്റ്റ് കൂട് ഉള്‍പ്പെടുത്തിയിരിക്കുന്നു.

കോര്‍ട്ടാന എന്നാ സഹായി

ആപ്പിളിന്റെ സിരി-ക്ക് എതിരാളിയായി അവതരിപ്പിച്ച കോര്‍ട്ടാന ഇപ്പോള്‍ വിന്‍ഡോസ്‌ 10 ഡെസ്ക്ടോപ്പ് പതിപ്പിലും ലഭ്യമാണ്. സെര്‍ച്ച്‌, ഓര്‍മ്മിപ്പിക്കല്‍ (reminders), മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കനാണ് കോര്‍ട്ടാന എന്ന് മൈക്രോസോഫ്ട്‌ അവകാശപ്പെടുന്നു. "ഹേയ് കോര്‍ട്ടാന " എന്ന വിളിയിലൂടെ നിങ്ങള്ക്ക് സിരിക്ക് തുല്യമായ സേവനങ്ങള്‍ ലഭിക്കുന്നു.

ആക്ഷന്‍ സെന്‍റര്‍

വിന്‍ഡോസ്‌ 8ലെ ഈ ഒരു ഫീച്ചര്‍ വിന്‍ഡോസ്‌ 10 ലും നില നിര്‍ത്തിയിരിക്കുന്നു, പക്ഷെ സ്ഥാനം വലതു ഭാഗത്താണ് എന്ന് മാത്രം. മൊബൈല്‍ പതിപ്പുകളിലെ ക്വിക് ആക്സസ് സേവനങ്ങള്‍ പോലെ, വൈഫൈ, ബ്ലൂടൂത്ത്, ഫ്ലൈറ്റ് മോഡ്, ബ്രൈറ്റ്നെസ് , നോട്ട്, വി പി എന്‍ എന്നിവ കൂടാതെ ടാബ്ലറ്റ് മോഡിലേക്ക് മാറാനുള്ള ബട്ടണുകളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.

എളുപ്പമുള്ള വിന്‍ഡോസ്‌ എക്സ്പ്ലോറര്‍

തുറക്കുമ്പോള്‍ തന്നെ, അവസാനം തുറന്ന ഫയലുകളും ഫോള്‍ഡറുകളും ലിസ്റ്റ് ചെയ്യുന്ന ഹോം സ്ക്രീന്‍ വിന്‍ഡോസ്‌ എക്സ്പ്ലോററിനെ ഇഷ്ടപ്പെടാന്‍ കാരണമാവും. ഫയലുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ ഷെയര്‍ ബട്ടണ്‍ സഹായിക്കുന്നു.

പ്ലാറ്റ്ഫോം പ്രശ്നമല്ലാതെ പൊതു-ആപ്ലിക്കേഷനുകള്‍

ഇനി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഡെസ്ക്ടോപ്പ്, മൊബൈല്‍, എക്സ് ബോക്സ്‌ പതിപ്പുകള്‍ തപ്പി നടക്കണ്ട. പുതിയ വിന്‍ഡോസ്‌ സ്റ്റോറില്‍ എല്ലാം കോമണ്‍ ആണ്. ഈയൊരു "യൂണിവേര്‍സല്‍ ആപ്ലിക്കേഷന്‍" മാറ്റം തീര്‍ച്ചയായും നല്ലൊരു കാല്‍വെപ്പ്‌ തന്നെ.

എഡ്ജ് ബ്രൌസര്‍ – നവീകരിച്ച ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ?

എഡ്ജിനെ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ തന്നെ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററുമായി സാമ്യമുള്ള ലോഗോയെ കുറിച്ചായിരുന്നു. പക്ഷെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ മാത്രം ശക്തിയുമായാണ്‌ എഡ്ജ് വന്നിരിക്കുന്നത്. പുതിയതാണോ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എത്തിച്ചതാണോ എന്ന് വ്യക്തമല്ലെങ്കിലും കാര്യമായ പെര്‍ഫോര്‍മന്‍സ് മാറ്റങ്ങള്‍ എഡ്ജ് തരുന്നുണ്ട്. പ്ലഗിന്‍ സപ്പോര്‍ട്ട് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. കാത്തിരുന്നു കാണുക തന്നെ.

കണ്ടിന്യുവം മോഡ് അഥവാ പിസി-ടാബ്ലറ്റ് മോഡ്

നിങ്ങളുടെ ലാപ്ടോപ്/പിസി ടച്ച്‌ സ്ക്രീന്‍ സൗകര്യം ഉള്ളതാണോ ? എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ ഒരു "ടാബ്ലറ്റ്" മോഡിലേക്ക് മാറാന്‍ വിന്‍ഡോസ്‌ 10 സഹായിക്കുന്നു. കണ്ടിന്യുവം മോഡ് എന്ന ഈ ഫീച്ചര്‍ "ടാബ്ലറ്റ് മോഡ്" എന്നാ ബട്ടണ്‍ വഴി ഇനേബിള്‍ ചെയ്യാം.

കൂടുതല്‍ ഡെസ്ക്ടോപ്പുകള്‍ അഥവാ കൂടുതല്‍ സ്ഥലം

ലിനക്സ്‌ പോലുള്ളവയില്‍ മുന്‍പേ തന്നെ നിലവിലുള്ള ഈ ഫീച്ചര്‍ വിന്‍ഡോസ്‌ 10 നെ കൂടുതല്‍ മികച്ചതാക്കുന്നു. ഒന്നില്‍ കൂടുതല്‍ ഡെസ്ക്ടോപ്പുകള്‍ (വിര്‍ച്വല്‍ ഡെസ്ക്ടോപ്‌) എന്നും ഉപയോഗ്താക്കള്‍ക്ക് മികച്ച വര്‍ക്കിംഗ്‌ സ്പേസ് നല്‍ക്കുന്നു.

മികച്ച കണ്ട്രോള്‍ പാനല്‍

പഴയ പതിപ്പുകളെ അപേക്ഷിച്ച്, മികച്ചത് എന്ന് പറയാവുന്ന ഒരു മാറ്റമാണ് കണ്ട്രോള്‍ പാനെലില്‍ വരുത്തിയിരിക്കുന്നത്. ഒരു വെബ്‌ പേജ് പോലെ തോന്നിക്കുന്ന – വളരെ സിമ്പിള്‍ ആയ – ഇന്റര്‍ഫേസ്, സെറ്റിംഗ്സ് പാനലുകള്‍, സെര്‍ച്ച്‌ ചെയ്യാനുള്ള കഴിവ് എന്നിവ നല്ല രീതിയില്‍ തന്നെയാണ്.

ഫോണ്‍ കമ്പാനിയന്‍, ഡയറക്റ്റ്എക്സ് 12, ഫിന്ഗര്‍പ്രിന്റ്‌/ഫേസ് ഡിറ്റക്ഷന്‍ വഴി ലോഗിന്‍ ചെയ്യാനുള്ള കഴിവ് തുടങ്ങി പ്രത്യേകതകള്‍ വീണ്ടും കിടക്കുന്നു.

Courtesy : TechMam.com