മുഖം മറച്ച് മകൾ ഖദീജ വേദിയിൽ; വിമർശകരുടെ വായടപ്പിച്ച് എ.ആര്‍.റഹ്മാന്‍റെ മറുപടി

1

എ ആര്‍ റഹ്മാന്‍റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തി.സ്ലം ഡോഗ് മില്ല്യണയറിന്‍റെ പത്താം വാര്‍ഷികാഘോഷത്തിലായിരുന്നു ഖദീജ മുഖം മറിച്ചെത്തിയത്. കറുത്ത പട്ട് സാരി ധരിച്ചിരുന്ന ഖദീജ കണ്ണ് മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം.റഹ്മാന്‍റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഖദീജ മുഖം മറച്ച് വേദിയിലെത്തിയത് വലിയ ചർച്ചയായിരുന്നു.

എന്നാല്‍ ഒരൊറ്റ ചിത്രത്തിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് റഹ്മാന്‍. ഭാര്യയും രണ്ട് പെണ്‍മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും റഹ്മാന്‍ ചിത്രത്തിനൊപ്പം ചേര്‍ത്തു. ചിത്രത്തില്‍ ഖദീജ മാത്രമാണ് മുഖം മറച്ചിട്ടുള്ളത്. ഭാര്യ സൈറയും മകള്‍ റഹീമയും മുഖം മറച്ചിട്ടില്ല.

ആരുടെയും നിര്‍ബന്ധപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്ന് ഖദീജയും വ്യക്തമാക്കി. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. തന്‍റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’-ഖദീജ കുറിച്ചു