ഇന്ത്യയിലേക്ക് എയര്‍ബസ്-A380 സര്‍വീസ് തുടങ്ങാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌

0
 
സിവില്‍ വ്യോമഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഇന്ത്യയിലേക്കു, രണ്ടു നിലയുള്ള, സൂപ്പര്‍ ജംബോ വിമാനമായ എയര്‍ബസ്‌ എ 380  സര്‍വീസ്‌ തുടങ്ങാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ തയ്യാറെടുക്കുന്നു.  ഡല്‍ഹി, മുംബൈ, ഹൈദരബാദ്‌, ബാംഗ്ലൂര്‍ എന്നീ വിമാനത്താവളങ്ങള്‍ക്കാണ്‌ എയര്‍ബസ്‌ എ 380 വിമാനം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളത്‌.
 
ഇന്ത്യയിലേക്ക്‌ എയര്‍ബസ്‌ എ 380 സര്‍വീസ്‌ തുടങ്ങാനുള്ള അനുമതിക്കായി ഒരു മാസത്തിനകം സിവില്‍ വ്യോമഗതാഗത മന്ത്രാലയത്തെ സമീപിക്കുമെന്ന്‌ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ജനറല്‍ മാനേജര്‍(ഇന്ത്യ) ഡേവിഡ്‌ ലൗ വ്യക്‌തമാക്കി. സൂപ്പര്‍ ജംബോ ഉപയോഗിക്കാനുള്ള വാണിജ്യ സാധ്യതയും ലഭ്യമായ അടിസ്‌ഥാന സൗകര്യവുമൊക്കെ കമ്പനി വിലയിരുത്തി വരികയാണ്‌. എയര്‍ബസ്‌ എ 380 വിമാനത്തിന്റെ വലിപ്പം പരിഗണിക്കുമ്പോള്‍ നിലവിലുള്ള രണ്ടു സര്‍വീസുകള്‍ സംയോജിപ്പിക്കേണ്ടി വരുമെന്നും എയര്‍ലൈന്‍ കരുതുന്നു. പൂര്‍ണമായും ഇക്കോണമി വിഭാഗമെങ്കില്‍ 800 സീറ്റുകളും ഇക്കോണമി, ബിസിനസ്‌, ഫസ്‌റ്റ്‌ എന്നീ മൂന്നു ക്ലാസുകളാക്കിയാല്‍ 600 സീറ്റുകളുമാണ്‌ എയര്‍ബസ്‌ എ 380 വാഗ്‌ദാനം ചെയ്യുന്നത്‌. നിലവില്‍ 19 എയര്‍ബസ്‌ എ 380 വിമാനങ്ങളുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ അഞ്ചെണ്ണത്തിനു കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്‌.
 
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക വിഭാഗമായ സില്‍ക്‌ എയര്‍ ആവട്ടെ എയര്‍ബസ്‌ വിമാനങ്ങള്‍ ഉപേക്ഷിച്ചു ബോയിങ്‌ വിമാനങ്ങളിലേക്കു മാറാനുള്ള ഒരുക്കത്തിലാണ്‌. ഇതോടെ 2014ന്റെ ആദ്യ പകുതിയില്‍ ബോയിങ്‌ 737 – 800 വിമാനങ്ങളുടെ പുതുതലമുറ ഇന്ത്യയിലെത്തും; പിന്നാലെ ബോയിങ്‌ 737 മാക്‌സ്‌ എട്ട്‌ വിമാനങ്ങളും. കമ്പനിയുടെ രജത ജൂബിലി ആഘോഷം പ്രമാണിച്ചു കഴിഞ്ഞ സിംഗപ്പൂര്‍ എയര്‍ഷോയിലാണു സില്‍ക്‌ എയര്‍ ബോയിങ്‌ ശ്രേണിയിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചത്‌. 23 737 – 800 വിമാനങ്ങളും 31 മാക്‌സ്‌ എട്ട്‌ വിമാനങ്ങളും വാങ്ങാനാണു സില്‍ക്‌ എയറിന്റെ തീരുമാനം.ആദ്യ ബോയിങ്‌ 737 – 800 സ്വന്തമാക്കിയ സില്‍ക്‌ എയറിനുള്ള രണ്ടാമത്തെ വിമാനം അടുത്ത മാസം ലഭിക്കുമെന്നാണു പ്രതീക്ഷ; ജൂണോടെ ഇത്തരം എട്ടു വിമാനങ്ങള്‍ കമ്പനിക്കു സ്വന്തമാവും. ഇതോടെ ഹൈദരബാദിനു പുറമെ കൊച്ചിയിലേക്കും ബോയിങ്‌ 737 – 800 ഉപയോഗിക്കാനാണു സില്‍ക്‌ എയറിന്റെ ആലോചന. 
 
നിലവില്‍ ആഴ്‌ചതോറും 44 സര്‍വീസാണു സില്‍ക്‌ എയറിന്‌ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ളത്‌. സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാവട്ടെ ആഴ്‌ചയില്‍ 63 സര്‍വീസുണ്ട്‌; ഇതില്‍ 21 എണ്ണം വീതം മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ നിന്നാണ്‌. എയര്‍ലൈന്‍ മേഖലയില്‍ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ സംയുക്‌ത സംരംഭമാണു ചിറകു വിരിക്കാന്‍ തയാറെടുക്കുന്നത്‌; പുതിയ എയര്‍ബസ്‌ എ 320 വിമാനങ്ങളുമായിട്ടാവും കമ്പനിയുടെ ആഭ്യന്തര സര്‍വീസ്‌.