കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാര്‍ അന്തരിച്ചു

0

ബെംഗളൂരു: പ്രശസ്ത കന്നട നടനും ഗായകനുമായ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു.

ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മരാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര്‍ നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.

കന്നഡയില്‍ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവിയോഗമുണ്ടായിരിക്കുന്നത്. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍.