കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല; നിലപാട് അറിയിച്ച് ക്രൈംബ്രാഞ്ച്

0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് ക്രൈംബ്രാഞ്ച് തള്ളിയത്.

കേസിലെ സാക്ഷി എന്ന നിലയ്ക്കാണ് കാവ്യയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്ന നിലപാടിലായിരുന്നു കാവ്യ മാധവന്‍.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെയും സുരാജിന്റെയും ഫോണുകളില്‍ നിന്നു ലഭിച്ച ശബ്ദരേഖകള്‍ ആസൂത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.