ഇനി വൈറസിനെ പേടിക്കേണ്ട; വിമാനം അണുവിമുക്തമാക്കാൻ റോബോട്ട്; പുത്തൻ സാങ്കേതിക വിദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്

0

ഇന്ത്യയിൽ ആദ്യമായി വിമാനം വൃത്തിയാക്കാൻ റോബോട്ട്. കോവിഡ് പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.

ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. അണുനശീകരണ പ്രവൃത്തികൾക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസെന്നും അധികൃതർ അറിയിച്ചു. അൾട്രാവയലറ്റ് ലൈറ്റുകളുടെ സഹായത്തോടെയാണ് അണുനശീകരണം.

യുവി ഡിസ് ഇൻഫെക്ഷൻ ലാമ്പിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ ബോയിങ് 737-800 വിമാനം ഇന്ന് ഈ സംവിധാനം ഉപയോഗിച്ച് അണുവിമുക്തമാക്കി. യുവി-സി അണുനശീകരണ സംവിധാനം ലോകത്തെ തന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പ്രതലത്തിൽ നിന്ന് അണുക്കളെയും ബാക്ടീരിയ, വൈറസ് തുടങ്ങിയവയെും ഇല്ലാതാക്കുന്നുവെന്ന് പരിശോധനകളിലൂടെ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് (എൻഎബിഎൽ) തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.

ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയായ എയർ ഇന്ത്യ സാറ്റ്സുമായി ചേർന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാരും ജീവനക്കാരും സ്പർശിക്കാൻ സാധ്യതയുള്ള പ്രതലഭാഗങ്ങളെ അണുവിമുക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സീറ്റുകൾ, സമീപ ഭാഗങ്ങൾ, സീലിങ് ഭാഗം, വിൻഡോ പാനലുകൾ, കോക്പീറ്റ് ഇൻസ്ട്രുമെന്റേഷൻ ഏരിയ, സ്വിച്ച് പാനൽ എന്നിവയെല്ലാം അണുവിമുക്തമാക്കുന്ന യന്ത്ര കൈകളാണ് റോബോട്ടിനുള്ളത്.

മാനുവലായുള്ള ശുചീകരണത്തെ അപേക്ഷിച്ച് വൃത്തിയാക്കാൻ പ്രയാസമുള്ള ഭാഗങ്ങളിൽ പോലും എളുപ്പത്തിൽ യുവി-സി ലൈറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്താനാകും. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.