പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു

1

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്.

പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് സര്‍വീസുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ബാധിക്കും.