കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് നേരത്തെയാക്കി

0

കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യ വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് നേരത്തെയാക്കി. അടുത്ത മാസം 16 മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

ടിക്കറ്റ് ബുക്കിംഗ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. കോഴിക്കോട്-ജിദ്ദ സെക്ടറിൽ മാർച്ച് 29 മുതൽ എയർ ഇന്ത്യ സർവ്വീസ് ആരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. അതനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു.

അതിനിടയിലാണ് സർവ്വീസ് ഫെബ്രുവരിയിൽ തന്നെ ആരംഭിക്കുവാനുള്ള ശ്രമങ്ങളും തുടരുന്നതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചത്. 747-400 ശ്രേണിയിൽ പെട്ട ജംബോ വിമാനമുപയോഗിച്ച് സർവ്വീസ് നടത്താൻ ഇക്കഴിഞ്ഞ ജൂലൈയിൽ തന്നെ എയർ ഇന്ത്യക്ക് ഡി.ജി.സി.എ അനുമതി നൽകിയിരുന്നു. നേരത്തെ അറിയിച്ചിരുന്നത് പോലെ തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക.

ജിദ്ദയില്‍ നിന്ന് ഞായര്‍, വെള്ളി എന്നീ ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.05ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പറന്നുയരുന്ന വിമാനം രാത്രി 9.15ന് ജിദ്ദയിലിറങ്ങും.

423 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഓരോ യാത്രക്കാരനും 45 കിലോ ലഗേജ് അനുവദിക്കും. നിലവില്‍ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സും, സ്‌പൈസ് ജെറ്റും മാത്രമാണ് സർവ്വീസ് നടത്തുന്നത്.