ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; എയര്‍ ഇന്ത്യ നടപടിക്കെതിരെ കേരളം

0

ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ നടപടി പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.ഭീമമായ നിരക്ക് വര്‍ധനയാണ് എയര്‍ ഇന്ത്യ അടിച്ചേല്‍പ്പിച്ചത്. സ്‌ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികള്‍ക്കുളള നിരക്കില്‍ മൂന്നിരട്ടിയാണ് വര്‍ധന.

7,500-10,000 ദിര്‍ഹമായിരുന്ന നിരക്ക് 25,000-30,000 ദിര്‍ഹമായി ജൂലൈ 20 മുതല്‍ വര്‍ധിപ്പിച്ചു. ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ധനയാണ് എയര്‍ ഇന്ത്യ നടപ്പാക്കിയത്. അതിനാല്‍ ഈ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.