ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശസ്ത്രക്രിയ

0

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ജീവന് ഭീഷണിയായേക്കാവുന്ന ഹാർട്ട് ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു ശസ്ത്രക്രിയ. ടെൽ ഹഷോമർ നഗരത്തിലെ ഷേബാ ഹോസ്പിറ്റലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹം.

ഈ മാസം 15ന് ടെൽ ഹഷോമറിലെ തന്റെ സ്വകാര്യ വസതിയ്ക്ക് സമീപത്ത് വച്ച് നേരിയ തലചുറ്റലുണ്ടായതിനെ തുടർന്ന് 73കാരനായ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ചൂട് മൂലമുണ്ടായ നിർജ്ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം.തുടർന്ന് നെതന്യാഹുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനം വിലയിരുത്താനുള്ള നിരീക്ഷണ ഉപകരണം ഡോക്ടർമാർ ഘടിപ്പിച്ചിരുന്നു. ഇതിലൂടെയാണ് ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നെതന്യാഹുവിന് പേസ്മേക്കർ ഘടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

നെതന്യാഹുവിന് വൈകാതെ ആശുപത്രിവിടാനാകുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഏറെ വിവാദമായ ജുഡിഷ്യൽ പരിഷ്കരണ ബില്ലിന്റെ വോട്ട് ഇന്ന് പാർലമെന്റിൽ നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ശസ്ത്രക്രിയ.

നെതന്യാഹുവിന് പകരം നീതിന്യായ മന്ത്രി യാരിവ് ലെവിൻ ആണ് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എന്നാൽ തനിക്ക് വോട്ട് ചെയ്യാൻ എത്താനാകുമെന്നാണ് നെതന്യാഹു അറിയിച്ചത്. സുപ്രീകോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കുന്ന ജുഡിഷ്യൽ പരിഷ്കരണ ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.