എകെജി സെന്റർ ആക്രമണം; പ്രതി ജിതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

0

എ കെ ജി സെന്റർ ആക്രമണത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നാളെ 11 മണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കണം. പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും നാളെ 12 മണിക്ക് കോടതിയിൽ ഹാജരാക്കും.

എ കെ ജി സെന്റർ ആക്രമണക്കേസിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം പൂർണമായും നിഷേധിക്കുകയാണ് ജിതിൻ. ജിതിന്‍ കുറ്റം സമ്മതിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നത് അംസംബന്ധമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നു. തീ കൊള്ളികൊണ്ട് സര്‍ക്കാര്‍ തല ചൊറിയരുതെന്നും തലപൊള്ളുമെന്നും സുധാകരന്‍ വ്യക്തമാക്കി.

എകെജി സെന്റര്‍ ആക്രമിച്ച പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നൽകി. നിയമം കൈയിലെടുക്കാന്‍ പോലും മടിക്കില്ലെന്നും ഭരണകക്ഷി അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായ ജിതിൻ മണ്‍വിള സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.