അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു; വിചാരണ തീരുംമുമ്പേ ‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തു

0

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കാനിരികെ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തു. . ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മ വാര്‍ഷികയോഗത്തിലാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് സംഘടനയില്‍നിന്നു പുറത്താക്കിയത്. സാങ്കേതികമായി പോലും പുറത്താക്കല്‍ തീരുമാനം നിലനില്‍ക്കില്ലന്നും ആരോട് ചോദിച്ചാണ് പുറത്താക്കിയതെന്നും മിക്ക താരങ്ങളും പൊട്ടിത്തെറിച്ചു. വനിതാ സിനിമാ സംഘടനക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി.

ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കല്‍ നടത്തിയതെന്നും ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അനുകൂല വിധി സമ്പാദിക്കുമായിരുന്നുവെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കം നടത്തിയത്. അമ്മയില്‍ നിന്ന് പുറത്താക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ദിലീപ് സംഘടനയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. താരത്തിന് താല്‍പര്യമുണ്ടെങ്കില്‍ സംഘടനയിലേക്ക് തിരികെ എത്താമെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ഉണ്ടായിരിക്കുന്ന ആദ്യ തീരുമാനങ്ങളില്‍ ഒന്നാണിത്. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് പകരം മോഹന്‍ലാല്‍ പ്രസിഡന്റാകുകയും മമ്മൂട്ടിക്കം പകരം ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുകയും ചെയ്ത ശേഷമുള്ള ആദ്യജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു. യുവതാരങ്ങള്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. മാധ്യമങ്ങളെ ഉള്‍പ്പെടെ അകറ്റി നിര്‍ത്തിക്കൊണ്ടാണ് ഇന്ന് അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് നടന്നത്.