യൂട്യൂബിൽ ഫാമിലി വ്ലോഗുമായി അനുപമയും അജിത്തും മകനും

0

ദത്തുവിവാദത്തിലൂടെ ശ്രദ്ധ നേടിയ അനുപമ എസ്. ചന്ദ്രനും ഭർത്താവ് അജിത്കുമാറും മകൻ ഏയ്ഡൻ എന്ന ഏയ്ബൂവും യൂട്യൂബിലെ താരങ്ങൾ.! മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണ് വൈറലാവുന്നത്. ‘അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണ് വ്ലോഗുകൾ. രണ്ടു മാസം മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്ത ആദ്യ വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആറു വ്ലോഗ് വിഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്.

രണ്ടു മാസം മുൻപു യൂട്യൂബിൽ റിലീസ് ചെയ്ത ആദ്യ വിഡിയോ നാലു ലക്ഷത്തോളം പേർ കണ്ടു. ആറു വ്ലോഗ് വിഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. മാതാപിതാക്കൾക്കു മകനെ തിരിച്ചുകിട്ടാൻ പ്രാർഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേർ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കി വിളിക്കാറുണ്ട്. എങ്കിൽ എന്തുകൊണ്ട് അവന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്ലോഗ് എന്ന ആശയത്തിലേക്കെത്തിയത്.

കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികൾക്കിടെ സൗഹൃദത്തിലായ ചിലർ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നൽകി. ‘അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണു വ്ലോഗുകൾ. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകൾ, രാത്രി കറക്കം, ഷോപ്പിങ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ ചാലഞ്ചുകൾ എന്നിവയൊക്കെയാണു വിഷയങ്ങൾ. വിഡിയോകൾ ഹിറ്റ് ആയതോടെ യൂട്യൂബിൽ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി.

വിവാദത്തിനു മുൻപു പേരൂർക്കടയിലെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയിൽ തിരികെ പ്രവേശിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂർത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ. ചെമ്പഴന്തി എസ്എൻ കോളജിൽ അവസാന വർഷ ബിഎസ്‍സി ഫിസിക്സ് വിദ്യാർഥിനിയാണ്. തിരുമല വലിയവിളയിലാണ് താമസം. അജിത്തിന്റെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ഒപ്പമുണ്ട്. ഒന്നര വയസ്സായ ഏയ്ഡൻ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങിയതിന്റെ സന്തോഷമാണു വിഡിയോകളിൽ പങ്കുവയ്ക്കുന്നത്.