പ്രവാസി ചലച്ചിത്രമേള ‘അറേബ്യന്‍ ഫ്രെയിംസ്’ പെരിന്തല്‍മണ്ണയില്‍

0

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ചെയര്‍മാനും  നടന്‍ രവീന്ദ്രന്‍ ഡയറക്ടറുമായി  പ്രവര്‍ത്തിക്കുന്ന ‘കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്’ന്‍റെ കൊച്ചി മെട്രോ യു.എ.ഇ.യും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന പ്രവാസി ചലച്ചിത്രമേളയായ ‘അറേബ്യന്‍ ഫ്രെയിംസ് ‘ നവംബര്‍ 25, 26, 27 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍ അരങ്ങേറും. പ്രവാസികളുടെ നാടായ വള്ളുവനാടിന്‍റെ ഹൃദയ ഭൂമികയും, മലപ്പുറത്തിന്‍റെ സാംസ്‌കാരിക സിരാകേന്ദ്രവുമായ പെരിന്തല്‍മണ്ണയെ മേളയുടെ വേദിയായി തിരഞ്ഞെടുത്തത് പ്രവാസികള്‍ക്കുള്ള ആദരവിന്‍റെ ഭാഗമായാണ് എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ.രവീന്ദ്രന്‍ പറഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രസ്തുത മേളയുമായി സഹകരിക്കുന്ന പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി ലക്ഷ്യം വെക്കുന്നത് പ്രവാസികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നല്‍കുകയെന്നതാണ്. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ പ്രവാസി ചലച്ചിത്രമേളയില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നേതാക്കള്‍, നിയമസഭാ സ്പീക്കര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ അടക്കം വലിയ പ്രാതിനിധ്യമാണ് ഉണ്ടാവുക.

നടന്‍ രവീന്ദ്രന്‍ ഫെസ്റ്റിവല്‍ ഡയറക്ടറായുള്ള കൊച്ചി മെട്രോ യുഎഇ യുടെ കീഴില്‍ നവംബര്‍ അവസാനവാരം നടക്കുന്ന ‘അറേബ്യന്‍ ഫ്രെയിംസ്’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ ഓര്‍ഗനൈസിംങ്ങ് കമ്മിറ്റിയുടെ വിജയത്തിനായി സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷണന്‍, മഞ്ഞളാംകുഴി അലി എം.എല്‍.എ, ഇ.അഹമ്മദ് എം.പി, എന്നിവര്‍ മുഖ്യരക്ഷാധികാരികളായും, പെരിന്തല്‍മണ്ണ നഗര പിതാവ് എം.മുഹമ്മദ് സലീം അദ്ധ്യക്ഷനുമായും ജില്ലയിലെ പ്രവാസ സാംസ്‌കാരിക സിനിമാ സംഘടനകളും ഉള്‍പ്പടെ നൂറോളം അംഗങ്ങളുള്ള ഒരു ജംബോ കമ്മറ്റി തന്നെയാണ് ഫെസ്റ്റിവലിനെ നയിക്കുന്നത്.

സമാപന ചടങ്ങുകൾക്ക് മാറ്റു കൂട്ടാനായി മുഖ്യാതിഥിയായി എത്തുന്നത് യു.എ.ഇ.കോണ്‍സിലേറ്റ് ജനറല്‍ ഹിസ് എക്‌സലന്‍സി ജമാല്‍.എച്ച്.ആര്‍.അല്‍സാബിയാണ്  എന്നത് അറേബ്യന്‍ ഫ്രെയിംസ് എന്ന ചലച്ചിത്രമേളയെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നു. ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ചുരുങ്ങിയ ഒഴിവു സമയങ്ങൾ ഹ്രസ്വ ചലച്ചിത്ര നിർമാണത്തിലൂടെ സാമൂഹിക പ്രസക്തവും  ശ്രദ്ധേയവുമായ  വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന  പ്രവാസികളായ ചലച്ചിത്രപ്രവര്‍ത്തകരുടെ സമർപ്പണ മനോഭാവത്തോടെയുള്ള കഠിനാധ്വാനവും നിശ്ചയദാർഢ്യത്തോടെയുള്ള പരിശ്രമവും  സാംസ്‌കാരിക ഭാരതത്തിന് പരിചയപ്പെടുത്താനും അവരിലെ കലാകാരന്മാരെ സിനിമയുടെ വലിയ ലോകത്തേക്ക് കൈപിടിച്ചു ആനയിക്കാനുമുള്ള മികച്ച അവസരമായി ഈ ചലച്ചിത്രമേളയെ വിലയിരുത്താം.

നവംബര്‍ 25, 26, 27 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ത്രിദിന പ്രവാസി ചലച്ചിത്രമേളയായ ‘അറേബ്യന്‍ ഫ്രെയിംസി ‘ന്‍റെ മത്സരവിഭാഗത്തിലേക്കും മത്സരേതരവിഭാഗത്തിലേക്കുമായി ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

2015ന് ശേഷം ജി.സി.സി രാജ്യങ്ങളില്‍ നിര്‍മ്മിച്ച ഹൃസ്വചിത്രങ്ങള്‍ക്ക് മേളയുടെ ഭാഗമാകാം. പ്രവാസം (10മിനിറ്റ്), സ്‌നേഹം(5മിനിറ്റ്), ജനറല്‍(25മിനിറ്റ്), എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച മത്സരവിഭാഗത്തിലേക്കുള്ള പ്രവേശനം മത്സരനിയമാവലികൾക്ക് വിധേയമായിട്ടാണ്.

പ്രവാസസിനിമകള്‍ക്ക് പ്രദര്‍ശനവേദി ഒരുക്കിക്കൊടുക്കുക എന്ന് ഉദ്ദേശിച്ചുള്ള മത്സരേതര വിഭാഗത്തിലേക്ക് 30മിനിട്ടിന് താഴെയുള്ള ഏത് ഹ്രസ്വചിത്രവും അയക്കാവുന്നതാണ്.

ഇത് കൂടാതെ ഏഷ്യ, അമേരിക്ക, യൂറോപ്പ് രാജ്യങ്ങളിലെ പ്രവാസികളുടെ ഹ്രസ്വ ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പെരിന്തല്‍മണ്ണ വിസ്മയാ സിനിമാസിലും മുനിസിപ്പല്‍ ടൗണ്‍ ഹാളിലുമായി നടക്കുന്ന ഈ ചലച്ചിത്രമേളയുമായി മുനിസിപ്പാലിറ്റിയിലെ വിവിധ ഫിലിം സൊസൈറ്റികളും, നാട്ടുകാരും സഹകരണങ്ങളുമായി മുന്‍നിരയിലുണ്ട്. അതുകൊണ്ട് തന്നെ വലിയൊരു ചലച്ചിത്ര പ്രേക്ഷകരെ ലഭിക്കുമെന്നതിനാല്‍ ജി.സി.സി രാജ്യങ്ങളിലെ കലാകാരന്മാര്‍ ആവേശത്തോടെയാണ് ഈ മേളയിലേക്ക് ചിത്രങ്ങള്‍ അയച്ചു തുടങ്ങിയിരിക്കുന്നത്.

മലയാളം, തമിഴ്, അറബി, ഇംഗ്ലീഷ്, തെലുങ്ക് തുടങ്ങിയ വിവിധഭാഷകളിലായി ആദ്യം ലഭിക്കുന്ന 50 ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നല്‍കുന്നത്.

നവംബര്‍ 15ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്ന ഈ മേളയിലേക്ക് ചിത്രങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ +971 52 42 162 64 (UAE),  +971 50 61 511 48 (UAE),  +973 6637 2663 (Bahrain) എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.