ടി.സി മാത്യുവിനെ കബളിപ്പിച്ചെന്ന കേസ്: സരിതാ നായരേയും ബിജു രാധാകൃഷ്ണനേയും വെറുതെ വിട്ടു

1

തിരുവനന്തപുരം: വ്യവസായി ടി.സി മാത്യുവിനെ കബളിപ്പിച്ചെന്ന കേസില്‍ സരിതാ എസ് നായരെ വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.ടി സി മാത്യുവില്‍നിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുന്നതിന് ടീം സോളാര്‍ റിവ്യു വമ്പിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരില്‍ തന്നെ സമീപിച്ച് തുക തട്ടിയെടുത്തെന്നായിരുന്നു കേസ്. കമ്പനിയുടെ ഡയറക്ടര്‍മാരാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ ആര്‍.ബി നായര്‍ എന്ന പേരിലും സരിത ലക്ഷ്മി നായര്‍ എന്ന പേരിലുമാണ് തട്ടിപ്പു നടത്തിയത്. 2013- ലായിരുന്നു തട്ടിപ്പ് നടന്നത്.

ഇരുവര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാന്‍ ഹരജിക്കാരനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം വിശ്വാസ വഞ്ചന തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊരു സിവില്‍ കേസ് ആണ്. സാമ്പത്തിക തട്ടിപ്പു കേസായി ഇത് രജിസ്റ്റര്‍ ചെയ്തതെന്നതിനാല്‍ സാമ്പത്തിക തട്ടിപ്പു തെളിയിച്ചാലേ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കഴിയുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.