സ്റ്റിറോയ്ഡ് കഴിച്ചുള്ള ബോഡി ബില്‍ഡിംഗ് അർനോൾഡ് ഷ്വാസ്നെഗറിന്റെ ആരോഗ്യം തകര്‍ത്തോ ?

1

അർനോൾഡ് ഷ്വാസ്നെഗര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരിക ടെര്‍മിനേറ്റര്‍ സിനിമയാണ്. ബോഡി ബിൽഡർ, നടൻ, രാഷ്ട്രീട്രീയക്കാരൻ  അങ്ങനെ അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ അനവധിയാണ്.  70 കാരനായ  അദേഹത്തിന് കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം ഉണ്ടായത്. കാഴ്ചയിൽ ഫിറ്റായ, യുവത്വം നിറഞ്ഞ ശരീരമുള്ള ഷ്വാസ്നെഗര്‍ ആരോഗ്യകാര്യങ്ങളില്‍ അതീവശ്രദ്ധാലുവാണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അഞ്ച് തവണ മി. യൂണിവേഴ്സും ഒരു പ്രാവശ്യം മി.വേൾഡുമായ അദ്ദേഹം തന്റെ ശരീരത്തെയും സ്റ്റിറോയ്ഡ് ഉപയോഗത്തെയുo കുറിച്ച് സംസാരിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷ്വാസ്നെഗറിന് അടിയന്തിരമായി ഹൃദയശസ്ത്രക്രിയ നടത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നലെ താന്‍ ആരോഗ്യവാനാണ് എന്നു താരം ട്വീറ്റ് ചെയ്തെങ്കിലും ഇത് ബോഡി ബിൽഡിംഗിന്റെ പാർശ്വഫലമാണെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇതാദ്യമായല്ല, ഹൃദയ സംബന്ധമായ ചികിത്സകൾക്ക് അദ്ദേഹം വിധേയനാകുന്നത്. 1997ൽ അർനോൾഡിന്റെ ഹൃദയധമനിയുടെ വാൽവ് റീപ്ലേസ്മെന്റ് മെക്സിക്കോയിലായിരുന്നു നടന്നത്. ഹൃദയത്തിനും ശ്വാസകോശത്തിനുമിടയിലുള്ള ബ്ലോക്ക് നീക്കുന്നതിനാണ് പുതിയ ശസ്ത്രക്രിയ എന്നാണ് റിപ്പോർട്ട്.

ഇതോടെയാണ് സ്റ്റിറോയ്ഡ് ഉള്‍പെട്ട  ബോഡി ബില്‍ഡിംഗ്  രക്തസമ്മർദ്ദം വർധിക്കാനും എൽ ഡി എൽ (ചീത്ത കൊളസ്ട്രോൾ) കൂടാനും കാരണമാകുമെന്ന് പ്രചരണം ആരംഭിച്ചത്. എന്നാല്‍ ഇത് ആധികാരികമായി തെളിഞ്ഞിട്ടില്ല.