പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

0

കുവൈത്ത് സിറ്റി: ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സാദ് അല്‍ അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്.

ഫോണ്‍ വിളിച്ചിട്ട് മറുപടിയില്ലാതായതോടെയാണ് സുഹൃത്ത് അന്വേഷിച്ച് മുറിയിലെത്തിയത്. എന്നാല്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണ കാരണം കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.